'നുന്നുമോളേ കണ്ണ്തുറക്കൂ' ... കോണത്ത് തറവാട് കണ്ണീർപ്പുഴയായി

Tuesday 28 November 2023 4:04 AM IST

പറവൂർ: 'നുന്നുമോളേ, കണ്ണ് തുറക്ക് അമ്മുമ്മയാണ് വിളിക്കുന്നത്, അമ്മച്ചിവരുമ്പോൾ ഞാൻ എന്തുപറയും മോളേ, കണ്ണ് തുറക്കൂമോളേ'... റോസി അലറിക്കരയുകയാണ്, കൂടെ പിതാവ് റോയ് ജോർജുകുട്ടിയും സഹോദരൻ റിഥുലും ഏങ്ങിക്കരഞ്ഞതോടെ ആൻ റിഫ്റ്റയുടെ ചേതനയറ്റ ശരീരം കാണാനെത്തിയവരും വിങ്ങിപ്പൊട്ടി. കോണോത്ത് തറവാട് കണ്ണീർപ്പുഴയായി മാറുകയായിരുന്നു.

കുസാറ്റ് ദുരന്തത്തിൽ മരണമടഞ്ഞ ആൻ റിഫ്റ്റയുടെ (നുന്നുമോൾ) മൃതദേഹം രണ്ട് മണിയോടെ പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽനിന്ന് ആദ്യം കൊണ്ടുപോയത് ആൻ റിഫ്റ്റ പത്താംക്ളാസ് വരെ പഠിച്ച പുത്തൻവേലിക്കര മേരി വാർഡ് ഇംഗ്ളീഷ് മീ‌ഡിയം സ്കൂളിലേക്കാണ്. ഇവിടെ ഒരുമണിക്കൂറോളം പൊതുദർശനത്തിനുവച്ച ശേഷമാണ് നാലുമണിയോടെ ഒന്നര കിലോമീറ്റർ അകലെയുള്ള വീട്ടീലെത്തിച്ചത്. ബിഷപ്പ് ഡോ. അലക്സ‌് വടക്കുംതലയുടെ കാർമികത്വത്തിൽ പ്രാർത്ഥനാശുശ്രൂഷ നടത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി. രാജു തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

ഇറ്റലിയിലുള്ള അമ്മ സിന്ധു പുലർച്ചെയെത്തിയശേഷം സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തും.