ആറുവയസുകാരിയെ  തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷണം  ഉറപ്പാക്കണം; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

Monday 27 November 2023 11:33 PM IST

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കുറ്റമറ്റതും ത്വരിതവുമായ സംഭവത്തിൽ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. കുട്ടിയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

അതേസമയം, അബികേൽ സാറ റെജിയെ തട്ടിക്കൊണ്ടുപോയി അഞ്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമതും ഫോൺകാൾ വന്നു. പത്ത് ലക്ഷം രൂപയാണ് ഇത്തവണ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ​ കുട്ടി സുരക്ഷിതമായി ഞങ്ങളുടെ കൈയിൽ ഉണ്ടെന്നും നാളെ രാവിലെ പത്ത് മണിക്ക് ഓയൂരിലെ വീട്ടിലെത്തിക്കും എന്നും ഫോണിൽ സംസാരിച്ച സ്ത്രീ പറയുന്നു. പത്ത് ലക്ഷം രൂപ അറേഞ്ച് ചെയ്യണം എന്നും സ്ത്രീ ആവശ്യപ്പെട്ടു. ഇക്കാര്യം പൊലീസിനെ അറിയിക്കരുതെന്നും സ്ത്രീ പറയുന്നുണ്ട്.

നേരത്തെ കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺ വന്നിരുന്നു. പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നാണ് ഫോൺ കാൾ വന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഓട്ടോയിൽ വന്ന ഒരു പുരുഷനും സ്ത്രീയും കടയിലേയ്ക്ക് കയറി അവിടെ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ മൊബെെൽ ഫോൺ വാങ്ങിയാണ് കുട്ടിയുടെ അമ്മയെ വിളിച്ചത്. കടയിലുണ്ടായിരുന്ന സ്ത്രീയ്ക്ക് ഇവർ സംസാരിച്ചത് എന്താണെന്ന് വ്യക്തമായിരുന്നില്ല. ഓട്ടോയിൽ എത്തിയ ഇരുവരും കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങളാണോയെന്ന് പരിശോധിക്കുകയാണ്.