അനുജത്തിയെ രക്ഷിക്കാന്‍ ശ്രമിച്ച സൂപ്പര്‍ഹീറോ, അബിഗേലിനെ കണ്ടെത്താൻ തുണയായത് ജോനാഥന്റെ അസാമാന്യ ധൈര്യം

Tuesday 28 November 2023 2:57 PM IST

കൊല്ലം: ആറ് വയസ്സുകാരി അബിഗേല്‍ സാറയെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് നാട്. ഉണര്‍ന്ന് പ്രവര്‍ത്തിച്ച എല്ലാ സംവിധാനങ്ങളേക്കാളും അഭിനന്ദനം അര്‍ഹിക്കുന്നത് എട്ട് വയസ്സുകാരന്‍ ജോനാഥനാണ്, അബിഗേലിന്റെ സഹോദരന്‍. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏവരേയും അറിയിച്ചതും നടന്നതെന്തെന്ന് പൊലീസിന് കൃത്യമായി പറഞ്ഞുകൊടുക്കാനും ജോനാഥന് കഴിഞ്ഞത് അബിഗേലിനെ കണ്ടെത്തുന്നതിൽ അത്രമേല്‍ നിര്‍ണായകമായി.

തട്ടിക്കൊണ്ടു പോകാന്‍ വന്ന അക്രമികളോട് ചെറുത്തുനിന്നതും, വഴിയില്‍ നായകള്‍ ആക്രമിക്കാന്‍ വന്നാല്‍ അവയില്‍നിന്ന് രക്ഷനേടാനായി കയ്യില്‍ കരുതിയിരുന്ന വടികൊണ്ട് ആക്രമികളെ പ്രതിരോധിച്ച് സഹോദരിയെ അവരില്‍ നിന്ന് രക്ഷിക്കാനായി ശ്രമിച്ചത് അവന്റെ ധൈര്യത്തിന്റെ തെളിവാണ്.

അബിഗേല്‍ സാറയേയും സഹോദരന്‍ ജോനാഥനേയും തട്ടിക്കൊണ്ടുപോകുക എന്നതായിരുന്നു അജ്ഞാത സംഘം ലക്ഷ്യമിട്ടതെന്നാണ് കരുതുന്നത്. സ്വയം രക്ഷപ്പെട്ട് എത്തി മറ്റുള്ളവർക്ക് വിവരം കൈമാറാന്‍ ജോനാഥന് കഴിഞ്ഞത് നിര്‍ണായകമായി മാറുകയായിരുന്നു.

ജോനാഥനേയും തട്ടിക്കൊണ്ടു പോയിരുന്നുവെങ്കില്‍ സംഭവം ഏറെ വൈകി മാത്രമേ വീട്ടുകാരും നാട്ടുകാരും അറിയുമായിരുന്നുള്ളൂ. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ അത് പ്രതികള്‍ക്ക് രക്ഷപ്പെടാനും വളരെ ദൂരം സഞ്ചരിച്ച് എത്തുവാന്‍ വഴിയൊരുക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ജോനാഥന്‍ രക്ഷപ്പെട്ട് എത്തി ആദ്യം മുത്തശ്ശിയേയും പിന്നീട് പൊലീസിനേയും നാട്ടുകാരേയും വിവരമറിയിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും വിവരം കൈമാറാന്‍ കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതികള്‍ക്ക് കൊല്ലം ജില്ല വിട്ട് പുറത്ത് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി.

എന്താണ് സംഭവിച്ചതെന്നും കാറില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നും ജോനാഥന്‍ കൃത്യമായി പൊലീസിനോട് പറഞ്ഞതും മാദ്ധ്യമങ്ങളോട് പറഞ്ഞതും അത്രമേല്‍ ധൈര്യത്തോടെയാണ്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ ജോനാഥന്‍ പ്രകടിപ്പിച്ച മനക്കരുത്ത് അസാമാന്യമാണ്. ഒരു എട്ട് വയസ്സുകാരനില്‍ നിന്ന് ഇത്തരമൊരു ചെറുത്ത്‌നില്‍പ്പുണ്ടാകുമെന്ന് പ്രതികളും പ്രതീക്ഷിച്ചിരുന്നില്ല.

പ്രതികള്‍ ആദ്യം കടലാസ് നീട്ടിയത് ജോനാഥന് നേരെയാണ്. എന്നാല്‍ അത് സ്വീകരിക്കാന്‍ അവന്‍ തയ്യാറായില്ല. അമ്മച്ചിക്ക് കൊടുക്കണമെന്ന് പറഞ്ഞ് നല്‍കി ആ കടലാസ് അവന്‍ സ്വീകരിക്കാതെ വന്നതോടെയാണ് സഹോദരിയെ ബലമായി കാറിലേക്ക് പിടിച്ച് കയറ്റിയത്. കാറില്‍ ഉണ്ടായിരുന്നവര്‍ മാസ്‌ക് ധരിച്ചിരുന്നുവെന്നും മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നതെന്നുമുള്‍പ്പെടെയുള്ള കൃത്യമായ വിവരങ്ങളാണ് ജോനാഥന്‍ കൈമാറിയത്.