കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാൻ; എസ്.എഫ്.ഐയുടെ ജയം റദ്ദാക്കി
കൊച്ചി: എസ്.എഫ്.ഐയിലെ കെ.എസ്. അനിരുദ്ധനെ തൃശൂർ കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുത്തത് ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണി ഫലം പ്രഖ്യാപിക്കാനും ഉത്തരവിട്ടു. വോട്ടെണ്ണലും വീണ്ടും എണ്ണിയതും നിയമപ്രകാരമല്ലെന്നും കോടതി വിലയിരുത്തി. എന്നാൽ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന കെ.എസ്.യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥി എസ്. ശ്രീക്കുട്ടന്റെ ആവശ്യം തള്ളി. വോട്ടെണ്ണലിൽ ക്രമക്കേടാരോപിച്ചുള്ള ശ്രീക്കുട്ടന്റെ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്.
ആദ്യ വോട്ടെണ്ണലിൽ ശ്രീക്കുട്ടന് 896ഉം അനിരുദ്ധന് 895 വോട്ടുമാണ് ലഭിച്ചത്. ശ്രീക്കുട്ടൻ ഒരുവോട്ടിന് ജയിച്ചെന്ന് ഫലവും വന്നു. വീണ്ടുമെണ്ണിയപ്പോൾ അനിരുദ്ധന് 899ഉം ശ്രീക്കുട്ടന് 889 വോട്ടുമായി. തുടർന്ന് പത്ത് വോട്ടിന് അനിരുദ്ധൻ ജയിച്ചെന്നും പ്രഖ്യാപിച്ചു. വീണ്ടുമെണ്ണുന്നത് നിറുത്താൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെങ്കിലും കോളേജ് മാനേജരായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടരാൻ നിർദ്ദേശിച്ചെന്നും ഇതു ബാഹ്യയിടപെടലാണെന്നും ഹർജിക്കാരൻ വാദിച്ചു. ആദ്യ എണ്ണലിലെ 23 അസാധുവോട്ടുകൾ വീണ്ടുമെണ്ണിയപ്പോൾ 27 ആയി. 'നോട്ട"യ്ക്ക് ലഭിച്ച 19 വോട്ടുകൾ വീണ്ടുമെണ്ണിയപ്പോൾ 18 ആയി.
ഹൈക്കോടതി നിരീക്ഷണങ്ങൾ
അസാധു വോട്ട് റിട്ടേണിംഗ് ഓഫീസർ സാക്ഷ്യപ്പെടുത്തി മാറ്റിവച്ചില്ല.
നടപടി ക്രമം പാലിച്ചല്ല വോട്ടെണ്ണിയതെന്ന് റിട്ടേണിംഗ് ഓഫീസർ സമ്മതിച്ചിട്ടുണ്ട്.
വീണ്ടുമെണ്ണിയപ്പോൾ അസാധു ആയവ സാധു വോട്ടുകൾക്കൊപ്പം കൂട്ടിക്കലർത്തി എണ്ണി. ഇത് സർവകലാശാല ബൈലോയ്ക്ക് വിരുദ്ധം.
അസാധു വോട്ടുകൾ സാധുവായി കണക്കാക്കിയെന്നാരോപിച്ച് സ്ഥാനാർത്ഥിക്ക് വീണ്ടുമെണ്ണാൻ ആവശ്യപ്പെടാം
എന്നാൽ അനിരുദ്ധന്റെ അപേക്ഷയിൽ വോട്ടെണ്ണലിൽ ആശയക്കുഴപ്പമുണ്ടെന്നു മാത്രമാണ് പറയുന്നത്.
വീണ്ടുമെണ്ണിയപ്പോൾ നോട്ടയുടെ വോട്ടിൽ ഒന്നു കുറഞ്ഞത് നടപടിക്രമം പാലിച്ചല്ലെന്നതിന് തെളിവ്.
വോട്ടെണ്ണലിൽ മാത്രമാണ് തർക്കം. അതിനാൽ വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം അനുവദിക്കാനാകില്ല.
കണക്കുകൾ
(ആദ്യ വോട്ടെണ്ണലിലും റീകൗണ്ടിംഗിലും കിട്ടിയ വോട്ട്)
എസ്. ശ്രീക്കുട്ടൻ- 896, 889
കെ.എസ്. അനിരുദ്ധൻ- 895, 899
എ.ജി. ഗോകുൽ- 21, 21
പി.പി. മന്യ- 25, 25
നോട്ട- 19, 18
അസാധു- 23, 27