കുസാറ്റ്; അന്വേഷണ സംഘങ്ങൾ മൊഴിയെടുപ്പ് തുടരുന്നു
കൊച്ചി: കുസാറ്റ് ദുരന്തത്തിൽ സിൻഡിക്കേറ്റിന്റെ മൂന്നംഗ ഉപസമിതി അന്വേഷണം ആരംഭിച്ചു. സി.എസ്.ഇ.എസ് സീനിയർ ഫെലോ കെ.കെ. കൃഷ്ണകുമാർ കൺവീനറായ സമിതി 15 പേരുടെ മൊഴിയെടുത്തു.
മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
ഡോ. ശശി ഗോപാലൻ (ഗണിതശാസ്ത്ര വിഭാഗം പ്രൊഫസർ), ഡോ.വി.ജെ. ലാലി (കോളേജ് ഒഫ് എൻജിനിയറിംഗ് അസോസിയേറ്റ് പ്രൊഫസർ) എന്നിവരാണ് ഉപസമിതിയിലെ മറ്റ് അംഗങ്ങൾ.
കുസാറ്റ് ദുരന്തത്തിൽ മൊഴിയെടുക്കൽ പൊലീസ് തുടരുന്നു. വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരുടെ മൊഴിയെടുക്കൽ ഉടൻ പൂർത്തിയാക്കുമെന്ന് അന്വേഷണ സംഘത്തലവൻ തൃക്കാക്കര അസി. കമ്മിഷണർ പി.വി. ബേബി പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.എം.എസ്. രാജശ്രീയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്ന പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ട് ഉടൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനും വകുപ്പ് സെക്രട്ടറിക്കും കൈമാറും.
ശോഭ സൈറസ് ചുമതലയേറ്റു
കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനീയറിംഗ് പ്രിൻസിപ്പലായി ഡോ. ശോഭ സൈറസ് ചുമതലയേറ്റു.
ക്യാമ്പസുകളിലെ പരിപാടികൾക്ക് പെരുമാറ്റച്ചട്ടം ഉടൻ
തിരുവനന്തപുരം: കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസുകളിൽ പരിപാടികൾ നടത്തുമ്പോൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയ്യാറാക്കാൻ സമിതി രൂപീകരിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. രാജശ്രീ എം.എസ്, സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് മേധാവി ഡോ. ബൈജു കെ.ആർ. എന്നിവരടങ്ങിയതാണ് സമിതി. കുസാറ്റ് ദുരന്തത്തെക്കുറിച്ചുള്ള സമഗ്ര അന്വേഷണവും സമിതി നടത്തും. ക്യാമ്പസുകളിൽ പരിപാടികൾ നടത്തുമ്പോൾ പാലിക്കേണ്ട പൊതു നിർദ്ദേശങ്ങൾ ഉൾപ്പെട്ട പെരുമാറ്റച്ചട്ടമാണ് സമിതി തയ്യാറാക്കുക. കുസാറ്റിലെ അപകടത്തിൽ പരിക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്ന ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തതായും മന്ത്രി ആർ. ബിന്ദു അറിയിച്ചു. കുട്ടികളെ ഐ.സി.യുവിൽ നിന്ന് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയ ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും ആശുപത്രിക്കും മന്ത്രി നന്ദി അറിയിച്ചു.