'അവൾ ഒറ്റയ്ക്കിരിക്കുന്നത് കണ്ട് അടുത്ത്പോയി'

Wednesday 29 November 2023 1:14 AM IST

കൊല്ലം: അവൾ ഒറ്റയ്ക്കിരിക്കുന്നത് കണ്ട് സങ്കടം തോന്നിയാണ് അടുത്തേക്ക് ചെന്നത്. കുട്ടി ക്ഷീണിതയായിരുന്നു. മാസ്‌ക് മാറ്റി ചോദിച്ചപ്പോഴാണ് അബിഗേൽ സാറ എന്ന പേര് പറഞ്ഞത്. കൊല്ലം എസ്.എൻ കോളേജിലെ അവസാനവർഷ ബി.കോം വിദ്യാർത്ഥിനികളായ ധനഞ്ജയ, ദിവ്യ, ജിൻഷ,​ ഫാത്തിമ മാതാ കോളേജിലെ ഇക്കണോമിക്‌സ് വിദ്യാർത്ഥിയായ എ.ശാലോം എന്നിവരാണ് ആശ്രാമം മൈതാനത്ത് അബിഗേലിനെ തിരിച്ചറിഞ്ഞത്.

ഉടൻ പൊലീസിൽ വിവരം അറിയിച്ചു. ക്ഷീണം മാറ്റാൻ ബിസ്‌ക്കറ്റും വെള്ളവും വാങ്ങി നൽകി. ഈ സമയം ഈസ്റ്റ് പൊലീസും കൺട്രോൾ റൂം പൊലീസും സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു. ഇന്റേണൽ പരീക്ഷ കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടിൽ നോട്ട്‌സ് വാങ്ങാൻ പോവുകയായിരുന്നു ഇവർ. വെയിലത്ത് നടന്ന് ക്ഷീണിച്ചതിനാലാണ് മൈതാനത്തെ മരത്തണലിൽ ഇരുന്നത്.

മഞ്ഞ ചുരിദാർ ധരിച്ച് വെള്ള ഷോളുപയോഗിച്ച് മുഖം മറച്ച് മാസ്‌ക് ധരിച്ച സ്ത്രീ യൂണിയൻ ഡ്രൈവിംഗ് സ്‌കൂളിന് മുന്നിലെ നടപ്പാതയിലൂടെയാണ് പോയത്. ഈസ്റ്റ് പൊലീസ് വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി.