ശബരിമലയിലേക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് ട്രെയിനിൽ എത്തുന്ന ഭക്തരുടെ എണ്ണം ഇത്തവണ കുറഞ്ഞു; അതിനൊരു പ്രധാന കാരണമുണ്ട്

Tuesday 28 November 2023 11:17 PM IST

കോട്ടയം : ട്രെയിൻമാർഗം ജില്ലയിലെത്തുന്ന ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ മുൻവർഷങ്ങളിലെ അപേക്ഷിച്ച് കുറവ്. അയ്യായിരത്തിൽ താഴെ ഭക്തരാണ് ദിനംപ്രതി എത്തുന്നത്. കഴിഞ്ഞ വർഷം ഈ സമയത്ത് 50 മുതൽ 60 വരെ കെ.എസ്.ആർ.ടി.സി സർവീസുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 40 ൽ താഴെ മാത്രമാണ്. തെലങ്കാന തിരഞ്ഞെടുപ്പാണ് തീർത്ഥാടകരുടെ കുറവിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സീസൺ കണക്കിലെടുത്ത് മുൻ വർഷങ്ങളെക്കാൾക്കൂടുതൽ സജ്ജീകരണങ്ങൾ റെയിൽവെ ഏർപ്പെടുത്തിയിരുന്നു. ഒരേ സമയം അറുന്നൂറോളം പേർക്ക് വിരിവയ്ക്കാനുള്ള ഇടത്താവളവും, പുതിയ ശീതീകരിച്ച വിശ്രമകേന്ദ്രവും ഇരുപതോളം പുതിയ ടോയ് ലെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അതേസമയം തീർത്ഥാടകരുടെ സുരക്ഷയെ മുൻനിറുത്തി ശബരിമലയിലെ സുരക്ഷാ മാന്വൽ പരിഷ്‌കരിക്കും. കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇത് ത് സംബന്ധിച്ച് സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.

പമ്പയിൽ നിന്ന് ഓരോ മണിക്കൂറിലും മലകയറുന്ന തീർത്ഥാടകർ, ദർശനം കഴിഞ്ഞ് മലയിറങ്ങുന്നവർ , സന്നിധാനത്തും പരിസരങ്ങളിലും വിശ്രമിക്കുന്നവർ, വിരിവയ്ക്കുന്നവർ എന്നിവരുടെ കണക്കുകൾ, മഴ പെയ്താൽ അവർ ഓടിക്കയറാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ, അവിടുത്തെ സ്ഥിതിഗതികൾ , അപകട സാദ്ധ്യതയുള്ള മേഖലകൾ, നേരത്തെ അപകടം സംഭവിച്ചിട്ടുള്ള സ്ഥലങ്ങൾ ഇവയുടെയെല്ലാം വിവരങ്ങൾ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സന്നിധാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശേഖരിച്ചു. ഇത് അനുസരിച്ചുള്ള നിയന്ത്രണങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയിട്ടുണ്ട്. ഇത് വിജയിച്ചാൽ ആഭ്യന്തര വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും അനുമതിയോടെ പുതുക്കിയ സുരക്ഷാ മാന്വൽ ഈ മണ്ഡലകലാത്ത് തന്നെ നിലവിൽ വരും.

മുൻ വർഷങ്ങളെ അപേക്ഷിച്ച് സന്നിധാനത്ത് അപകട സാദ്ധ്യതയുള്ള ഓരോ മേഖലകളും തിരഞ്ഞെടുത്ത് നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തുന്നുമുണ്ട്. കുസാറ്റ് അപകടം, കളമശേരി സ്‌ഫോടനം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും സുരക്ഷാ പരിശോധനയും ജാഗ്രതയും ഒരേ പോലെ ശക്തമാക്കിയിട്ടുണ്ട്. അതേ സമയം തന്നെ പരീക്ഷണ അടിസ്ഥാനത്തിനുളള പുതിയ നിയന്ത്രണങ്ങൾ തീർത്ഥാടകരെ ബാധിക്കാതിരക്കുന്നതിനും പൊലീസ് ശ്രദ്ധിക്കുന്നുണ്ട്. പുലർച്ച മൂന്ന് മുതൽ രാത്രി പതിനൊന്ന് വരെ 17 മണിക്കൂറാണ് തീർത്ഥാടകർക്ക് ദർശനത്തിന് അവസരം ലഭിക്കുന്നത്.

Advertisement
Advertisement