അടിയ്‌ക്ക് തിരിച്ചടിയുമായി മാക്‌സ്‌വെൽ, ഗോഹട്ടിയിൽ അവസാന പന്തിൽ ഓസ്‌ട്രേലിയയ്‌ക്ക് മിന്നും വിജയം
ഗോഹട്ടി : ഓസ്‌ട്രേലിയയ്ക്ക് എതിരെ ട്വന്റി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി റിതുരാജ് ഗെയ്‌ക്‌വാദ് ചരിത്രം കുറിച്ചെങ്കിലും സൂപ്പർ താരം ഗ്‌ളെൻ മാക്സ്‌വെല്ലിന്റെ ചേസിംഗ് സെഞ്ച്വറിയിലൂടെ തിരിച്ചടിച്ച് ജയിച്ച് ഓസ്‌ട്രേലിയ . രണ്ടാം മത്സരത്തിലെ അവസാനപന്തിൽ ഫോറടിച്ച് ജയിച്ചതോടെ ഇന്ത്യയ്‌ക്കെതിരായ അഞ്ചു ട്വന്റി20കളുടെ പരമ്പര 2-1 എന്ന നിലയിലാക്കാനും ഓസീസിന് കഴിഞ്ഞു.
ഗോഹട്ടിയിൽ നടന്ന മൂന്നാം ട്വന്റി20യിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ റിതുരാജ് ഗെയ്‌ക്‌വാദിന്റെ തകർപ്പൻ സെഞ്ച്വറി (57 പന്തുകളിൽ പുറത്താകാതെ 123 റൺസ് ) മികവിൽ നിശ്ചിത 20 ഓവറിൽ 222/3 എന്ന സ്‌കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ഓസീസിനായി 48 പന്തുകളിൽ എട്ടുവീതം ഫോറും സിക്സുമടിച്ച് 104 റൺസുമായി പുറത്താകാതെ നിന്ന ഗ്‌ളെൻ മാക്സ്‌വെല്ലാണ് വിജയത്തിന് ചുക്കാൻ പിടിച്ചത്. 16 പന്തുകളിൽ 28 റൺസ് നേടിയ മാത്യു വേഡാണ് ആറാം വിക്കറ്റിൽ മാക്സിക്കൊപ്പം ഇന്ത്യയെ തോൽപ്പിക്കാൻ ഒപ്പം കൂടിയത്.സ്‌കോർ ഇന്ത്യ 222/3,ഓസീസ് 225/5
കഴിഞ്ഞ കളിയിൽ അർദ്ധസെഞ്ച്വറി നേടിയിരുന്ന റിതു 13 ഫോറുകളും ഏഴ് സിക്സുകളുമടക്കമാണ് തകർത്താടിയത്. സൂര്യകുമാർ യാദവും (39), തിലക് വർമ്മയും (31 നോട്ടൗട്ട് ) നൽകിയ പിന്തുണയും ഇന്ത്യയ്ക്ക് കരുത്തായി. തന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയാണ് റിതുരാജ് ഇന്നലെ നേടിയത്.
പേസർ മുകേഷ് കുമാറിന് പകരം ആവേശ് ഖാനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഓസ്‌ട്രേലിയൻ ടീമിൽ മൂന്ന് മാറ്റങ്ങളുണ്ടായുരുന്നു. സ്റ്റീവൻ സ്മിത്തിന് പകരം ട്രാവിസ് ഹെഡും ആദം സാംപയ്ക്ക് പകരം കേൻ റിച്ചാർഡ്സണും സീൻ അബ്ബോട്ടിന് പകരം ജാസൺ ബെഹറൻഡോർഫും കളത്തിലെത്തി.
കാര്യവട്ടത്തേതുപോലെ ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്ടൻ മാത്യു വേഡ് ഇന്ത്യയെ ബാറ്റിംഗിന് ഇറക്കുകയായിരുന്നു. ടീം സ്‌കോർ14 റൺസിൽ വച്ച് യശ്വസിയേയും (6) 24ൽ വച്ച് ഇഷാൻ കിഷനെയും (0) നഷ്ടമായെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന് പോരാടിയ റിതുരാജ് ഗെയ്ക്ക്വാദും പിന്തുണ നൽകിയ സൂര്യകുമാർ യാദവും തിലക് വർമ്മയും ചേർന്നാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടീമിലേക്ക് മടങ്ങിയെത്തിയ ബെഹറൻഡോർഫാണ് രണ്ടാം ഓവറിൽ യശ്വസിയെ കീപ്പർ വേഡിന്റെ കയ്യിലെത്തിച്ചത്.
അഞ്ചുപന്തുകൾ നേരിട്ടിട്ടും റൺസെടുക്കാൻ കഴിയാതിരുന്ന ഇഷാൻ കിഷനെ മൂന്നാം ഓവറിൽ റിച്ചാർഡ്സൺ സ്റ്റോയ്നിസിന്റെ കയ്യിലെത്തിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ 24/2 എന്ന നിലയിലായി.
തുടർന്ന് ക്രീസിൽ ഒരുമിച്ച റിതുവും സൂര്യയും ചേർന്ന് കത്തിക്കയറി. ഏഴാം ഓവറിൽ 50 കടന്ന ഇന്ത്യ 10 ഓവറുകൾ പൂർത്തിയായപ്പോൾ 80/2 എന്ന നിലയിലായിരുന്നു. എന്നാൽ അടുത്ത ഓവറിലെ രണ്ടാം പന്തിൽ സൂര്യ വീണു. 29 പന്തുകളിൽ അഞ്ചുഫോറും രണ്ട് സിക്സുമടിച്ച സൂര്യയെ ഹാർഡിയുടെ പന്തിൽ വേഡാണ് പിടികൂടിയത്. 57 റൺസാണ് മൂന്നാം വിക്കറ്റിൽ റിതുവിനൊപ്പം സൂര്യ കൂട്ടിച്ചേർത്തിരുന്നത്.
സൂര്യയ്ക്ക് പകരമിറങ്ങിയ തിലക് വർമ്മയെക്കൂട്ടി റിതുരാജ് അർദ്ധസെഞ്ച്വറിയിലേക്ക് മുന്നേറി. 12ാം ഓവറിൽ ഇന്ത്യ 100 കടന്നു. പിന്നാലെ റിതു അർദ്ധസെഞ്ച്വറിയും പിന്നിട്ടു. അതിന് ശേഷം തകർത്തടിക്കുകയായിരുന്നു റിതു. 17ാം ഓവറിൽ 150ലത്തിയ ഇന്ത്യയ്ക്ക് 200 കടക്കാൻ മൂന്നോവർകൂടിയേവേണ്ടിവന്നുള്ളൂ. അവസാന ഓവറിലെ ആദ്യ പന്തിൽ മാക്സവെല്ലിനെ സിക്സടിച്ച് സെഞ്ച്വറി തികച്ച റിതുവാണ് ഇന്ത്യയെ 200 കടത്തിയതും.
മറുപടിക്കിറങ്ങിയ ഓസീസിന് വേണ്ടി ട്രാവിസ് ഹെഡും (35) ആരോൺ ഹാർഡിയും (16)ചേർന്ന് 4.2 ഓവറിൽ 47 റൺസടിച്ച് മികച്ച തുടക്കം നൽകി. എന്നാൽ അവിടെവച്ച് അർഷ്ദീപ് സിംഗ് ഹാർഡിയെ ഇഷാന്റെ കയ്യിലെത്തിച്ചു. ടീം സ്‌കോർ 66ൽവച്ച് ആവേശ്ഖാൻ ട്രാവിസ് ഹെഡിനെ രവി ബിഷ്‌ണോയ്യുടെ കയ്യിലെത്തിച്ചു.68ൽ വച്ച് അപകടകാരിയായ ജോഷ് ഇൻഗിലിസിനെ രവി ബിഷ്‌ണോയ് ബൗൾഡാക്കുകയും ചെയ്തതോടെ ഓസ്‌ട്രേലിയ ബാക്ക് ഫുട്ടിലായി. എന്നാൽ നാലാം വിക്കറ്റിൽ ഒരുമിച്ച മാക്സ്‌വെല്ലും സ്റ്റോയ്നിസും (17)ചേർന്ന് കൂട്ടിച്ചേർത്ത 60 റൺസ് അവർക്ക് കരുത്തായി.
13ാം ഓവറിൽ സ്റ്റോയ്നിസിനെ സൂര്യകുമാറിനെ ഏൽപ്പിച്ച് അക്ഷർ പട്ടേൽ കൂട്ടുകെട്ട് പൊളിച്ചു. പകരമിറങ്ങിയ ടിം ഡേവിഡിനെ (0) രവി ബിഷ്‌ണോയ്യുടെ പന്തിൽ സൂര്യ പിടികൂടിയതോടെ ഓസീസ് 133/5 എന്ന നിലയിലായി. മാക്സ്‌വെൽ തകർത്തടിക്കാൻ ശ്രമിച്ചതോടെ 18 ഓവറിൽ ഓസീസ് 180/5ലെത്തി. പിന്നീടായിരുന്നു മാക്സിയുടെ അശ്വമേധം.
അവസാന ഓവറുകളിൽ തുരുതുരാ ഫോറും സിക്സുമടിച്ച മാക്സ്‌വെൽ ബൗളിംഗിൽ താൻ റൺ വഴങ്ങിയതിന് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. മാക്സ്‌വെല്ലിന്റെ ട്വന്റി20യിലെ നാലാം അന്താരാഷ്ട്ര സെഞ്ച്വറിയാണിത്.30 റൺസാണ് അവസാന ഓവർ എറിഞ്ഞ മാക്സ്‌വെൽ വഴങ്ങിയത്. ഈ ഒരോവർ മാത്രമാണ് മാക്സ്‌വെൽ എറിഞ്ഞത്.