ന്യായവില വൈകിപ്പിച്ചത് സർക്കാർ: റവന്യൂ റിക്കവറി ഭാരം 2 ലക്ഷം ഭൂ ഉടമകൾക്ക്

Wednesday 29 November 2023 12:00 AM IST

തിരുവനന്തപുരം:നിയമമുണ്ടായിട്ടും ഭൂമിയുടെ ന്യായവില നടപ്പാക്കൽ സർക്കാർ വൈകിപ്പിച്ചു..വിലകുറച്ചു കാട്ടിയുള്ള ആധാരം രജിസ്ട്രേഷന്റെ പേരിൽ റവന്യൂ റിക്കവറി ഭാരം താങ്ങേണ്ടി വരുന്നത് രണ്ടു ലക്ഷത്തോളം ഭൂഉടമകളും.

1986 മുതൽ 2017 വരെയുള്ള അണ്ടർ വാല്യുവേഷൻ കേസുകളിൽ രജിസ്ട്രേഷൻ വകുപ്പ് വസ്തു ഉടമകൾക്ക് റവന്യൂ റിക്കവറി നോട്ടീസ് അയച്ചു തുടങ്ങി. രജിസ്റ്റർ ചെയ്തപ്പോൾ രേഖപ്പെടുത്തിയ വസ്തുവിന്റെ വിലയും ജില്ലാ രജിസ്ട്രാറുടെ പരിശോധനയിൽ തിട്ടപ്പെടുത്തിയ വിലയും തമ്മിലുള്ള വ്യത്യാസത്തിന് ആനുപാതികമായി സ്റ്റാമ്പ് ഡ്യൂട്ടി കുടിശിക അടയ്ക്കാത്തവർക്കാണ് നോട്ടീസ്.റിക്കവറി നടപടികൾക്കെതിരെ ആധാരം ഉടമകൾക്ക് ജില്ലാ കോടതിയെ സമീപിക്കാമെങ്കിലും 2020 ൽ ധനകാര്യവകുപ്പ് കൊണ്ടുവന്ന ഭേദഗതി കാരണം കുടിശിക തുകയുടെ 25 ശതമാനം കെട്ടിവയ്ക്കണം. അനുകൂല വിധിയുണ്ടായാൽ ഈ തുക തിരികെ കിട്ടും. മറിച്ചാണെങ്കിൽ ബാക്കി തുക കൂടി സർക്കാരിന് അടയ്ക്കണം.

ആധാരങ്ങൾ വില കുറച്ച് രജിസ്റ്റർ ചെയ്യുന്നത് തടയാൻ 1967ൽ ചട്ടമുണ്ടാക്കിയെങ്കിലും നടപ്പാക്കിയില്ല. 1994-ൽ നിയമസഭ ന്യായവില നിയമം പാസാക്കിയെങ്കിലും പ്രാബല്യത്തിലായത് 2010 ഏപ്രിൽ ഒന്നു മുതൽ. 1988ൽ താരീഫ് വിലയും 2005-ൽ ധാരണാ വിലയുമൊക്കെ രജിസ്ട്രേഷൻ വകുപ്പ് പ്രഖ്യാപിച്ചെങ്കിലും അതൊന്നും ശാസ്ത്രീയമായിരുന്നില്ല.

സബ് രജിസ്ട്രാർക്ക് ആധാരത്തിൽ വില കുറച്ചു കാട്ടിയതായി സംശയം തോന്നിയാലോ ,മറ്റാരെങ്കിലും പരാതിപ്പെട്ടാലോ ഡിസ്ട്രിക്ട് രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകാം. സ്ഥലത്തിന്റെ വിപണി മൂല്യം, താമസ യോഗ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ, ഗതാഗത സൗകര്യം , സമീപത്തെ വസ്തുക്കളുടെ വില തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ശരിയായ വില രേഖപ്പെടുത്തിയോ എന്ന് ജില്ലാ രജിസ്ട്രാർ പരിശോധിച്ചാണ് തുടർ നടപടികൾ സ്വീകരിക്കുന്നത്. ഇങ്ങനെ 1986 മുതൽ 2017 വരെ വില കുറച്ചുകാട്ടി ഭൂമി രജിസ്റ്റർ ചെയ്‌തെന്ന് കണ്ടെത്തിയ കേസുകളിലാണ് തുടർ നടപടി.

സെറ്റിൽമെന്റ്

ആശ്വാസമാവും

റവന്യൂ റിക്കവറി നടപടികൾക്ക് പകരം രജിസ്‌ട്രേഷൻ വകുപ്പിന്റെ ആവശ്യം പരിഗണിച്ച് സെറ്റിൽമെന്റ് കമ്മീഷൻ വരുന്നത് ജനങ്ങൾക്ക് ആശ്വാസമാവും. ജില്ലാ രജിസ്ട്രാറായിരിക്കും സെറ്റിൽമെന്റ് അധികാരി. കുടിശികയിൽ പരമാവധി ഇളവ് അനുവദിച്ച് കേസുകൾ തീർപ്പാക്കും..