അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ചുക്കാൻപിടിച്ച യുവതി കസ്റ്റഡിയിൽ? സംഘത്തിലെ ബോസിനായി ഊർജ്ജിത അന്വേഷണം

Wednesday 29 November 2023 12:03 AM IST

കൊല്ലം: ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കലോടെ കൊല്ലം നഗര ഹൃദയത്തിലെ ആശ്രാമം മൈതാനത്ത് അബിഗേലിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവതി വൈകാതെ കസ്റ്റഡിയിലായതായി സൂചന. ഇവർ സംഭവത്തിന്റെ സൂത്രധാരനായ കുപ്രസിദ്ധ മോഷ്ടാവിന്റെ സഹോദര പുത്രിയാണെന്നാണ് സംശയം. ഉച്ചയ്ക്ക് രണ്ടരയോടെ കൊല്ലം ശങ്കേഴ്സ് ആശുപത്രിക്കു സമീപത്തു നിന്ന് യുവതിയെ പിടികൂടിയെന്നാണ് വിവരം. ചിട്ടി തട്ടിപ്പ് ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്. ഇവരെ ഡി.ഐ.ജി നിശാന്തിനിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്തുവരികയാണ്‌.

സംഭവത്തിൽ ചന്ദനത്തോപ്പ് കുഴിയം സ്വദേശി കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടയുമായ യുവാവിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ 10 ലക്ഷം ആവശ്യപ്പെട്ട് നടത്തിയ ഫോൺ വിളിയിൽ ബോസിന്റെ നിർദ്ദേശപ്രകാരമാണ് എല്ലാമെന്ന് പറഞ്ഞിരുന്നു. ഇയാളാണ് ആ ബോസെന്നാണ് പൊലീസ് നിഗമനം.

നിരവധി മോഷണക്കേസുകൾക്ക് പുറമേ ക്വട്ടേഷൻ ആക്രമണം, പിടിച്ചുപറി അടക്കമുള്ള കേസുകളിലും പ്രതിയാണ് ഇയാൾ. കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ മാത്രം ഇയാളുടെ പേരിൽ അഞ്ച് മോഷണക്കേസുകളുണ്ട്.

രാമൻകുളങ്ങരയ്ക്ക് അടുത്തുള്ള മൂലങ്കരയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പേ ചന്ദനത്തോപ്പിലേക്ക് താമസം മാറ്റുകയായിരുന്നു. മോഷണക്കേസിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. എന്നാൽ അടുത്തകാലത്തായി അധികം കാണാറില്ലെന്നാണ് അയൽവാസികൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ ജ്യേഷ്ഠൻ കൊലക്കേസിൽ ചെന്നൈ സെൻട്രൽ ജയിലിൽ തടവിലാണ്. ജ്യേഷ്ഠന്റെ പുത്രിയാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ സ്ത്രീയെന്നും സംശയിക്കുന്നു.