നവകേരള സദസിന് വേദിയായ സ്‌കൂളിലെ കെട്ടിടം ഇടിച്ചുനിരത്തി; മാനന്തവാടിയിൽ പൊളിച്ച സ്‌കൂൾ മതിൽ പുനർനിർമിച്ചില്ല, താത്‌കാലിക ശൗചാലയങ്ങൾ മൂടിയില്ലെന്നും വിമർശനം
കോട്ടയം: നവകേരള സദസിനായി മാനന്തവാടിയിൽ സ്‌കൂളിന്റെ മതിൽ തകർത്തതിന് പിന്നാലെ കോട്ടയത്ത് സ്‌കൂൾ കെട്ടിടം ഇടിച്ചുനിരത്തി. കോട്ടയം പൊൻകുന്നം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പഴയ കെട്ടിടമാണ് പൊളിച്ചത്. നവകേരള സദസിനായി പന്തൽ ഇടാനാണ് കെട്ടിടം പൊളിച്ചത്. ഡിസംബർ 12നാണ് പൊൻകുന്നത്ത് നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം, വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടമാണ് പൊളിച്ചതെന്നും ഇതിന് നവകേരള സദസുമായി ബന്ധമില്ലെന്നുമാണ് ജില്ലാ പഞ്ചായത്ത് നൽകുന്ന വിശദീകരണം. കെട്ടിടത്തിന് ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും പഞ്ചായത്ത് വ്യക്തമാക്കുന്നു. കെട്ടിടം പൊളിക്കാനുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ലെന്നും വൃക്ഷങ്ങൾ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ വാല്യുവേഷൻ നടപടികൾ തീരാനുള്ള കാലതാമസമാണ് നടപടികൾ വൈകാൻ കാരണമായതെന്നും അധികൃതർ പറയുന്നു.
അതേസമയം, മാനന്തവാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊളിച്ച മതിൽ പുനർനിർമിക്കാത്തതിൽ വലിയ പ്രതിഷേധം ഉയരുകയാണ്. മന്ത്രിമാർ സഞ്ചരിക്കുന്ന ബസ് ഇറക്കുന്നതിനായാണ് മതിൽ പൊളിച്ചത്. സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരിക്കുകയാണ്. മതിൽ ഉടൻ പുനർനിർമിക്കുമെന്ന് സ്ഥലം എം എൽ എ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 23നായിരുന്നു മാനന്തവാടിയിൽ നവകേര സദസ് സംഘടിപ്പിച്ചത്.
മാനന്തവാടി സ്‌കൂളിൽ നവകേരള സദസിനായി ഒരുക്കിയ താത്‌കാലിക ശൗചാലയ കുഴികൾ മൂടിയില്ലെന്നും പരാതി ഉയരുന്നുണ്ട്. സ്‌കൂൾ ഗ്രൗണ്ടിലാണ് ദിവസങ്ങളായി ശുചീകരിക്കാത്ത നിലയിൽ ശൗചാലയ കുഴികളുള്ളത്. നവകേള സദസിന്റെ പുറകിലായാണ് താത്‌കാലിക ശൗചാലയങ്ങൾ ഒരുക്കിയത്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരുമടക്കം ശൗചാലയം ഉപയോഗിക്കുകയും ചെയ്തിരുന്നു.