രണ്ട് വര്‍ഷം എന്ത് ചെയ്യുകയായിരുന്നു? സുതാര്യത വേണ്ടേയെന്ന് സുപ്രീം കോടതി, ഗവര്‍ണര്‍ക്ക് രൂക്ഷ വിമര്‍ശനം

Wednesday 29 November 2023 12:23 PM IST

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കുന്നതിലാണ് കോടതിയുടെ വിമര്‍ശനം. ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ രീതി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.

സര്‍ക്കാരുകളുടെ അവകാശങ്ങള്‍ ഗവര്‍ണര്‍ക്ക് അട്ടിമറിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ബില്ലുകള്‍ തീര്‍പ്പാക്കാതെ രണ്ട് വര്‍ഷം ഗവര്‍ണര്‍ എന്ത് ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍ പ്രതീകാത്മക തലവന്‍ മാത്രമാണെന്ന് കോടതി മുമ്പ് ഈ കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നു.

സംസ്ഥാന മുഖ്യമന്ത്രിയും ബില്‍ അവതരിപ്പിച്ച മന്ത്രിയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. അതേസമയം, ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച നടപടിയില്‍ തത്കാലം ഇടപെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വേണ്ടേയെന്ന് കോടതി ചോദിച്ചു. കേരള നിയമസഭ പാസാക്കിയ എട്ട് ബില്ലുകള്‍ തീര്‍പ്പാക്കാന്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇതില്‍ തീരുമാനമെടുക്കാതെ പിടിച്ചുവച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

ബില്ലുകളില്‍ തീരുമാനമെടുക്കാതെ പിടിച്ചുവയ്ക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ രീതിയെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. പഞ്ചാബ് ഗവര്‍ണറെ വിമര്‍ശിക്കുന്ന വിധി വായിച്ച് പഠിക്കാന്‍ ആരിഫ് ഖാനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.