രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായി തുടരും, കാലാവധി നീട്ടി ബിസിസിഐ

Wednesday 29 November 2023 2:16 PM IST

മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് തുടരും. അദ്ദേഹത്തിന്റേയും പരിശീലക സംഘത്തിന്റേയും കാലാവധി നീട്ടിനല്‍കാന്‍ തീരുമാനിച്ചതായി ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബാറ്റിംഗ് പരിശീലകനായി വിക്രം രാത്തോഡും ബൗളിംഗ് പരിശീലകനായി പരസ് മാംബ്രേയും ഫീല്‍ഡിംഗ് പരിശീലകനായി ടി. ദിലീപും തുടരും. 2023 ലോകകപ്പ് വരെയായിരുന്നു ദ്രാവിഡുമായി 2021ല്‍ ആരംഭിച്ച കരാറിന്റെ കാലാവധി.

ലോകകപ്പ് ഫൈനലില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്ത് തുടരില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അദ്ദേഹത്തിന് പകരം എന്‍സിഎ തലവന്‍ വിവിഎസ് ലക്ഷ്മണ്‍ മുഖ്യപരിശീലകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കരാര്‍ നീട്ടാന്‍ ദ്രാവിഡും ബിസിസിഐയും നടത്തിയ ചര്‍ച്ചയില്‍ തീരുമാനിക്കുകയായിരുന്നു.

ദ്രാവിഡിന് കീഴില്‍ ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം പുറത്തെടുത്തത്. അദ്ദേഹത്തിന്റെ കീഴിലാണ് എല്ലാ ഫോര്‍മാറ്റിലും ഐസിസി റാങ്കിംഗിൽ ഒരേ സമയം ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്.

ഇന്ത്യന്‍ ടീമിനൊപ്പം കഴിഞ്ഞ രണ്ട് വര്‍ഷമായുള്ള സഹകരണം എന്നെന്നും ഓര്‍ത്തിരിക്കുമെന്നും തുടര്‍ന്നും തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദിയുണ്ടെന്നും രാഹുല്‍ ദ്രാവിഡ് പ്രിതികരിച്ചു. ലോകകപ്പിന് ശേഷമുള്ള വെല്ലുവിളികളെ ശുഭപ്രതീക്ഷയോടെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദ്രാവിഡിന്റെ ദീര്‍ഘവീക്ഷണവും പ്രൊഫഷണിലിസവും ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ വിജയങ്ങള്‍ സമ്മാനിച്ചുവെന്ന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പ്രതികരിച്ചു.