അപ്പാർട്ട്മെന്റിലെ പൈപ്പിൽ നിന്നും ദമ്പതികൾ ആറുമാസമായി കുടിച്ചുകൊണ്ടിരുന്നത് കക്കൂസിലെ വെള്ളം, ഒടുവിൽ

Wednesday 29 November 2023 4:06 PM IST

അപ്പാർട്ട്മെന്റിലെ പൈപ്പിൽ നിന്നും ആറു മാസമായി ദമ്പതികൾ കുടിച്ചുവന്നത് കക്കൂസ് വെള്ളം. ചൈനയിലാണ് സംഭവം. ടാൻ എന്ന യുവാവിനും പങ്കാളിക്കുമാണ് വെള്ളത്തിൽ പണി കിട്ടിയത്. താമസിച്ചുവന്ന ആറു മാസവും ട്രെയിനേജ് വെള്ളം കുടിക്കേണ്ടിവന്നല്ലോ എന്ന ഞെട്ടലിൽ നിന്നും ഇരുവരും മുക്തരായിട്ടില്ല.

മേയ്‌ മാസത്തിലാണ് ടാനും കൂട്ടുകാരിയും ബീജിംഗിലെ അപ്പാർട്ട്മെന്റിലേക്ക് താമസം മാറിയത്. വീട്ടിലുണ്ടായിരുന്ന പൈപ്പിൽ നിന്ന് സാധാരണ വെള്ളം എടുക്കുന്നതുപോലെ ഇരുവരും ഉപയോഗിച്ചു തുടങ്ങി. വിട്ടുമാറാത്ത ചുമയാണ് ആദ്യം അനുഭവപ്പെട്ടത്. പിന്നീട് കലശലായ മുടികൊഴിച്ചിൽ തുടങ്ങി. മുഖക്കുരുവും വന്നതോടെയാണ് പരിശോധന ആരംഭിച്ചത്.

ഇതിനിടെ ആറുമാസമായി വീട്ടിൽ വാട്ടർ ബിൽ വരാത്തതിനെ തുടർന്ന് പ്ളമ്പറെ വിളിച്ച് ചെക്ക് ചെയ‌്തപ്പോഴാണ് അക്കിടി ടാൻ മനസിലാക്കുന്നത്. ടോയിലറ്റ് ഫ്ളഷിൽ നിന്നുള്ള പൈപ്പ് കുടിവെള്ള കണക്ഷനുമായി ബന്ധിപ്പിച്ചതായിരുന്നു കാരണം. അത്രയും കാലം കുടിച്ചതും, കുളിച്ചതും, ആഹാരം പാകം ചെയ‌്തതും കക്കൂസ് വെള്ളത്തിലാണെന്നറിഞ്ഞ ടാനും കാമുകിയും അക്ഷരാർത്ഥത്തിൽ ഞെട്ടി. എന്തായാലും കാര്യങ്ങൾ കൂടുതൽ വഷളാകാതെ പ്ളംബർ പരിഹരിച്ചു കൊടുത്തിട്ടുണ്ട്.