അമിതവേഗം, കാറിലിടിച്ച് അപകടമുണ്ടാക്കി കെഎസ്ആര്‍ടിസി ബസ്; കാറുടമയ്ക്ക് ജീവനക്കാരുടെ ഭീഷണി, ബസ് കസ്റ്റഡിയില്‍

Wednesday 29 November 2023 4:39 PM IST
പ്രതീകാത്മക ചിത്രം

ഇടുക്കി: അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത് കാറില്‍ ഇടിച്ച് അപകടമുണ്ടാക്കി കെഎസ്ആര്‍ടിസി ബസ്. ഇതിന് പിന്നാലെ ബസ് ജീവനക്കാര്‍ കാറുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി നെടുങ്കണ്ടം കോപ്പറേറ്റീവ് ബാങ്ക് ജംഗ്ഷന് സമീപം ഞായറാഴ്ചയാണ് അപകടമുണ്ടായത്.

അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത് വന്ന ഇടുക്കി കുമിളി റൂട്ടില്‍ ഓടുന്ന ബസ് എതിര്‍ദിശയില്‍ വരികയായിരുന്ന കാറിന്റെ പിന്‍വാതിലിന് സമീപം ഇടിക്കുകയായിരുന്നു. മുനിയറ സ്വദേശി അരുണും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. കൈക്കുഞ്ഞുമായി അരുണിന്റെ ഭാര്യ ആതിര ഇരുന്ന വശത്താണ് ബസ് ഇടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

അപകടമുണ്ടാക്കിയിട്ടും ബസ് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. ഇതില്‍ പ്രകോപിതരായ ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന് ആതിര പറഞ്ഞു. കേസ് കൊടുത്തോളുവെന്നും പൊലീസ് വന്നാലും ബസ് കസ്റ്റഡിയിലെടുക്കാന്‍ കഴിയില്ലെന്നും കണ്ടക്ടര്‍ വെല്ലുവിളിച്ചെന്നും കാറിലുണ്ടായിരുന്നവര്‍ പറയുന്നു. ബസിന്റെ ട്രിപ്പ് മുടങ്ങിയാല്‍ കേസ് കൊടുക്കുമെന്ന് ജീവനക്കാര്‍ പൊലീസിനേയും വെല്ലുവിളിച്ചു.

നാട്ടുകാരും കാറിലുണ്ടായിരുന്നവരും ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ബസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരത്തോടെ ബസ് വിട്ടുനല്‍കുകയും ചെയ്തു.