കണ്ണൂരിൽ നഗരത്തിലെ കിണറ്റിൽ വീണ പുള്ളിപ്പുലിയെ മയക്കുവെടിവച്ച് പുറത്തെത്തിച്ചു; കൂട്ടിലേക്ക് മാറ്റി

Wednesday 29 November 2023 7:41 PM IST

കണ്ണൂർ: പെരിങ്ങത്തൂരിൽ ഇന്ന് രാവിലെ കിണറ്റിലേക്ക് വീണ പുള്ളിപ്പുലിയെ പുറത്തെടുത്തു. വലയിലാക്കി പകുതി ദൂരം ഉയർത്തിയ ശേഷം മയക്കുവെടി വയ്‌ക്കുകയായിരുന്നു. പിന്നീട് പുലിയെ സമീപം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റി. അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമ്മാണത്തിലിരുന്ന വീടിന്റെ കിണറ്റിലാണ് ഇന്ന് പുലി വീണത്. രാവിലെ പത്ത് മണിയോടെയയിരുന്നു സംഭവം.

പുറത്തെടുത്ത പുലിയെ വയനാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. രണ്ടര കോൽ വെള്ളമുണ്ടായിരുന്ന കിണറ്റിൽ നിന്ന് വെള്ളമെല്ലം വറ്റിച്ച ശേഷം മയക്കുവെടി വയ്‌ക്കാൻ ഡിഎഫ്‌ഒ ഉത്തരവിട്ടു. തുടർന്നാണ് പുലിയെ പുറത്തിറക്കിയത്. വയനാട്ടിൽ നിന്നും വെറ്ററിനറി സർജൻ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിൽ മയക്കുവെടിവച്ചാണ് പുലിയെ പിടിച്ചത്. ജനവാസം ഏറിയ പെരിങ്ങത്തൂരിൽ പുഴ വഴിയാകാം പുലിയുടെ വരവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.