പിന്തുണ അറിയിച്ച കേരളത്തെ സ്‌നേഹിക്കുന്നു, ഹമാസ് തീവ്രവാദികളല്ല സ്വാതന്ത്ര്യ സമര പോരാളികൾ; നന്ദി പ്രകടിപ്പിച്ച് പാലസ്‌തീൻ അംബാസഡർ

Wednesday 29 November 2023 8:26 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന പാലസ്‌തീൻ ഐക്യദാർഢ്യ യോഗങ്ങളിൽ പ്രതികരിച്ച് പാലസ്‌തീൻ അംബാസ‌ഡർ അദ്‌നാൻ അബു അൽ ഹൈജ. താൻ നന്ദി പറയാനാണ് കേരളത്തിലെത്തിയതെന്ന് അദ്ദേഹം അറിയിച്ചു. പാലസ്‌തീന് പിന്തുണയറിയിച്ച കേരളത്തെ സ്‌നേഹിക്കുന്നെന്നും അദ്‌നാൻ അബു അൽ ഹൈജ വ്യക്തമാക്കി.

സാധാരണക്കാരെ കൊല്ലുന്നതിന് എതിരാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാലസ്‌തീനും തമ്മിലുള്ളത് ചരിത്രപരമായ ബന്ധമാണ്. ഹമാസ് തീവ്രവാദികളല്ലെന്നും സ്വാതന്ത്ര്യസമര പോരാളികളാണെന്നും മറ്റ് ലോകരാജ്യങ്ങളിലേത് പോലെ തങ്ങൾക്കും സ്വതന്ത്രമായി ജീവിക്കണമെന്നും അദ്‌നാൻ അബു അൽ ഹൈജ പറഞ്ഞു.

ഇസ്രയേൽ പറയുന്നതിലുമധികം സൈനികരെ അവർക്ക് നഷ്‌ടപ്പെട്ടതായി പറഞ്ഞ അദ്നാൽ അബു അൽ ഹൈജ റാലിയടക്കം നടത്തി കേരളം പിന്തുണച്ചെന്നും വ്യക്തമാക്കി. കോഴിക്കോട് നടന്ന ശിഹാബ് തങ്ങൾ ക‌ർമ്മശ്രേഷ്‌ഠ പുരസ്‌കാര വിതരണത്തിന് ശേഷമാണ് അദ്ദേഹം ഇത്തരത്തിൽ പറഞ്ഞത്. അതേസമയം ഗാസയിൽ ഇസ്രയേൽ-ഹമാസ് താത്കാലിക വെടിനിറുത്തൽ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിതോടെ ഇന്നലെ അർദ്ധരാത്രിയോടെ കൂടുതൽ ബന്ദികളെ മോചിപ്പിച്ചിരുന്നു. 12 ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇതിൽ രണ്ട് വിദേശികളും ഉൾപ്പെടുന്നു. അതേസമയം, 30 പാലസ്തീൻ തടവുകാരെ ഇന്ന് ഇസ്രയേൽ മോചിപ്പിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. കഴിഞ്ഞ ദിവസം ഖത്തർ,ഈജിപ്‌ത്,യു.എസ് എന്നിവർ നടത്തിയ മദ്ധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് രണ്ട് ദിവസത്തേക്ക് വെടിനിറുത്തൽ നീട്ടിയത്‌