കേരള ബാങ്ക് നാലാം വാർഷികം ആഘോഷിച്ചു

Thursday 30 November 2023 1:33 AM IST

തിരുവനന്തപുരം: രാജ്യത്തെ സഹകരണ മേഖലയിലെ ഏറ്റവും വലിയ ഷെഡ്യൂൾഡ് ബാങ്കായ കേരള ബാങ്കിന്റെ നാലാംവാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ബാങ്കിന്റെ റീജണൽ ഓഫീസുകളിലും ജില്ലാതല ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുകളിലും ശാഖകളിലും വാർഷികത്തോടനുബന്ധിച്ച് കസ്റ്റമർ മീറ്റ് സംഘടിപ്പിച്ചു. മികച്ച ഇടപാടുകാരെ ആദരിക്കുന്ന ചടങ്ങും കസ്റ്റമർ മീറ്റിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ശാഖകളിലും സംഘടിപ്പിച്ചു.

ബാങ്കിലെ എല്ലാ ജീവനക്കാരെയും ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഇന്നലെ ഒാൺലൈനായി അഭിസംബോധന ചെയ്തു. ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി.ഇ.ഒ.പി.എസ്.രാജൻ വാർഷിക ദിന സന്ദേശം നൽകി.

ഇന്നലെ ബാങ്ക് തിരുവനന്തപുരം ഹെഡ് ഓഫീസ് ശാഖ സന്ദർശിച്ച തിരുവനന്തപുരം കോർപ്പറേഷൻ മേയറും ശാഖയിലെ കസ്റ്റമറുമായ ആര്യ രാജേന്ദ്രനെ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്.രാജൻ പൊന്നാടയണിച്ച് ആദരിച്ചു. ബാങ്ക് ചീഫ് ജനറൽ മാനേജർ റോയി എബ്രഹാം, കേരള സർക്കാർ നിയോഗിച്ച എക്സ്‌പേർട്ട് കമ്മി​റ്റി അംഗം ആർ ഭാസ്‌കരൻ,ജനറൽ മാനേജർമാരായ ആർ.ശിവകുമാർ,അനിത എബ്രഹാം, പ്രീത.കെ.മേനോൻ,ഹെഡ് ഓഫീസ് ശാഖാകസ്റ്റമറും കോർപ്പറേഷൻ കൗൺസിലറുമായ അംശു വാമദേവൻ എന്നിവർ സംബന്ധി​ച്ചു.