ഇന്റർവെൽ ഇല്ലാതെ ട്യൂഷൻ സ്റ്റാർട്ടപ്പ് 30 രാജ്യങ്ങളിൽ

Thursday 30 November 2023 4:39 AM IST

ഒ.കെ.സനാഫിർ, റമീസ് അലി(ഇരിക്കുന്നവരിൽ ഇടത്തുനിന്ന്)​ , ഷിബിലി അമീൻ, അസ്‌ലഹ്, നാജിം ഇല്യാസ്(നിൽക്കുന്നവരിൽ ഇടത്തുനിന്ന് )​

മലപ്പുറം:കൊവിഡിൽ 13 ലക്ഷം രൂപ കടം കയറി ആറുമാസം അടച്ചിട്ട ഇന്റർവെൽ എന്ന വിദ്യാഭ്യാസ സ്റ്റാർട്ടപ്പ് ഇപ്പോൾ 30 രാജ്യങ്ങളിൽ കാൽ ലക്ഷം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ട്യൂഷനുമായി കുതിക്കുന്നു. അരീക്കോട്ടെ 150 ചതുരശ്രയടി ഓടിട്ട കെട്ടിടത്തിൽ തുടക്കം. ഇപ്പോൾ ആസ്ഥാനം 30,000 ചതുരശ്രയടിയുള്ള ആറുനില കെട്ടിടം. 4,400 ഓൺലൈൻ അദ്ധ്യാപകർ. 234 മുഴുവൻ സമയ അദ്ധ്യാപകരും. 97 ശതമാനവും സ്ത്രീകളാണ്.

തിരുവനന്തപുരത്ത് ഈയിടെ നടന്ന കേരളകൗമുദി വികസന കോൺക്ലേവിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രശംസയും നേടി ഈ സ്റ്റാർട്ടപ്പ്.

കൊണ്ടോട്ടിയിൽ ചെറിയ മുറിയിൽ 2018ൽ പത്ത് ബിരുദ വിദ്യാർത്ഥികളാണ് സ്റ്റാർട്ടപ്പിന് തുടക്കമിട്ടത്. കിന്റർഗാർട്ടൻ മുതൽ പ്ലസ് ടൂ വരെ ഓൺലൈൻ ട്യൂഷൻ,

ഒരു കുട്ടിക്ക് ഒരു അദ്ധ്യാപകൻ. അതാണ് വിജയമന്ത്രം.

എഴുത്തും വായനയും അറിയാത്ത കുട്ടികൾക്ക് ട്യൂഷൻ. അതായിരുന്നു തുടക്കം. ഇന്റർവെൽ സ്ഥാപകനും സി.ഇ.ഒയുമായ ഒ.കെ.സനാഫിറിന്റെ ആശയമായിരുന്നു. കൊണ്ടോട്ടി ബ്ലോസം കോളേജിൽ ബി.എസ്.സി സൈക്കോളജി വിദ്യാ‌ർത്ഥിയായിരുന്ന സനാഫിർ ആശയം കൂട്ടുകാരോട് പങ്കുവച്ചു.

'കുട്ടികളെ കൊണ്ടുവരൂ, 15 ദിവസത്തിനകം എഴുത്തും വായനയും ശരിയാക്കാം' പരസ്യപോസ്റ്ററടിച്ചു. ആദ്യം അഞ്ച് കുട്ടികൾ. വൈകിട്ട് അഞ്ചു മുതൽ ട്യൂഷനെടുത്തു. കുട്ടികൾ കുറവായതിനാൽ വാടക നൽകാനാവാത്ത അവസ്ഥ. പലയിടങ്ങളിലും നോട്ടീസ് പതിച്ചു. വീട്ടിൽ നിന്ന് വാങ്ങിയ പണം തീ‌ർന്നു. വിശപ്പടക്കി ഓഫീസിൽ ഉറങ്ങി. മുതൽ മുടക്കാൻ ആരുമില്ല.

ഇതിനിടെ രക്ഷിതാക്കളിലൂടെ പ്രചാരണം കിട്ടി. 50 അഡ്മിഷനായി. പാർട്ട്ടൈം അദ്ധ്യാപകരെ നിയമിച്ചു. ഇവർക്ക് ശമ്പളം കൊടുക്കാനല്ലാതെ ഒരുവർഷമായിട്ടും വരുമാനമില്ല. എങ്കിലും മഞ്ചേരിയിലും രാമനാട്ടുകരയിലും അരീക്കോടും ഓഫീസുകൾ തുടങ്ങി. ആറ് മുഴുവൻ സമയ അദ്ധ്യാപകരെ നിയമിച്ചു. രക്ഷപ്പെടുന്ന ഘട്ടത്തിൽ കൊവിഡ്. ഓഫീസുകൾ അടച്ചു. 13 ലക്ഷം രൂപ കടം. കൂട്ടത്തിൽ ചിലർ പിൻവാങ്ങി. ശേഷിച്ചവർ 5,000 രൂപ കടം വാങ്ങി പോസ്റ്ററടിച്ച് രണ്ടും കൽപ്പിച്ചിറങ്ങി. 150 വിദ്യാർത്ഥികളായി. ഓൺലൈൻ പ്ലാറ്റ് ഫോം തുടങ്ങി. അതോടെ കുതിപ്പായി.

പുലർച്ചെ 5.30 മുതൽ രാത്രി 11.30 വരെ ട്യൂഷൻ സമയം തിരഞ്ഞെടുക്കാം. ഓരോ കുട്ടിയുടെയും അക്കാഡമിക്, മനഃശാസ്ത്ര നിലവാരം വിലയിരുത്തി യോജ്യമായ കരിക്കുലമാണ്.

ഒ.കെ.സനാഫിറിനൊപ്പം റമീസ് അലി, ഷിബിലി അമീൻ, അസ്‌ലഹ് തടത്തിൽ, നാജിം ഇല്ല്യാസ് എന്നിവരാണ് ഇന്റർവെല്ലിനെ നയിക്കുന്നത്

ഫിൻലൻഡിലേക്ക്

ഫിൻലൻഡിൽ ആഗോള എക്സ്പീരിയൻസ് ടാംപെരെയിൽ അവസരം ലഭിച്ച ഏക ഇന്ത്യൻ സ്റ്റാർട്ടപ്പാണ് ഇന്റർവെൽ. അവിടത്തെ കുട്ടികൾക്കായി കരിക്കുലം തയ്യാറാക്കാൻ രണ്ടുപേ‌ർ ഫിൻലൻഡിലാണ്. 2024 ജൂലായിൽ തുടങ്ങും.

Advertisement
Advertisement