അധികാരികൾ അകത്തില്ല; വസ്തുതരംമാറ്രം വെള്ളത്തിൽ

Thursday 30 November 2023 12:00 AM IST

തിരുവനന്തപുരം: ഭരണാധികാരികളുടെ അലംഭാവംമൂലം റവന്യു വകുപ്പിൽ കെട്ടിക്കിടക്കുന്നത് വസ്തുതരംമാറ്റത്തിനുള്ള മൂന്നു ലക്ഷത്തോളം ഓൺലൈൻ അപേക്ഷകൾ. നവംബർ അവസാനിക്കുമ്പോഴുള്ള കണക്കാണിത്.

റവന്യു വകുപ്പിലെ പ്രധാന വിഭാഗങ്ങളുടെ മേലധികാരികൾ മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ ഡ്യൂട്ടിയിലാണ്. ശേഷിക്കുന്ന ഉദ്യോഗസ്ഥർ നവകേരള സദസിന്റെ മുന്നൊരുക്കങ്ങളിൽ. വസ്തുതരംമാറ്റ അപേക്ഷ തീർപ്പാക്കലിന് 78 ഡെപ്യൂട്ടി കളക്ടർമാർക്കുകൂടി അധികാരം നൽകാൻ നിയമസഭ പാസാക്കിയ 2023 -ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി )ബിൽ രാജ്ഭവനിൽ വിശ്രമത്തിലുമാണ്. വീടുവയ്ക്കാനും തൊഴിൽ സംരംഭങ്ങൾ തുടങ്ങാനുമൊക്കെ വസ്തു തരംമാറ്രിക്കിട്ടേണ്ടവരാണ് ഇതുമൂലം ഏറെ വലയുന്നത്.

27 ആർ.ഡി.ഒമാരാണ് നിലവിൽ വസ്തുതരംമാറ്റ അപേക്ഷകളുടെ തീർപ്പാക്കലിന് മേൽനോട്ടം വഹിക്കുന്നത്.

ലാൻഡ് റവന്യു കമ്മിഷണറുൾപ്പെടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതിനാൽ വസ്തുതരംമാറ്റത്തിന് അപേക്ഷിച്ചവരുടെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്. ഓഫ് ലൈൻ അപേക്ഷകൾക്കുണ്ടായതിനേക്കാൾ വലിയ ദുർഗ്ഗതിയാണ് ഓൺലൈൻ അപേക്ഷകൾക്ക്. ജനങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ റവന്യു വകുപ്പ് മന്ത്രി പ്രഖ്യാപിച്ച പ്രത്യേക പദ്ധതിയും നിശ്ചലാവസ്ഥയിലാണ്. നവകേരള സദസ് കഴിയാതെ അപേക്ഷ തീർപ്പാക്കൽ നടക്കില്ലെന്ന് പറയാൻ ഉദ്യോഗസ്ഥർക്കും മടിയില്ല.

തസ്തിക അനുവദിച്ചു, ഫലമുണ്ടായില്ല

തരംമാറ്റവുമായി ബന്ധപ്പെട്ട് ജൂനിയർ സൂപ്രണ്ടുമാരെയും ക്ലാർക്കുമാരെയും ചേർത്ത് 249 സ്ഥിരം തസ്തികകളും സർവെയർമാരുടെ 123 താത്കാലിക തസ്തികകളും അനുവദിച്ച് സർക്കാർ ഉത്തരവായിട്ട് മൂന്നു മാസം കഴിഞ്ഞു. എന്നാൽ, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുള്ള നടപടികൾ പൂർത്തിയായില്ല. വിവിധ റവന്യു ഓഫീസുകളിൽ അധികമുള്ള ജീവനക്കാരെ പുനർവിന്യസിക്കാൻ നിർദ്ദേശിച്ചെങ്കിലും പലജില്ലകളിലും അതിന്റെ പട്ടികപോലുമായില്ല.

 ഒക്ടോബറിലെ കണക്ക്

3,34,694

ആകെ കിട്ടിയ അപേക്ഷകൾ

93,520

തീർപ്പായത്

Advertisement
Advertisement