'ഞാൻ ആവശ്യപ്പെട്ടിട്ടല്ലല്ലോ പുനർനിയമനം നടത്തിയത്, നാളെ ജാമിയ മിലിയയിൽ ജോയിൻ ചെയ്യും';​ പ്രതികരിച്ച് ഗോപിനാഥ് രവീന്ദ്രൻ

Thursday 30 November 2023 12:27 PM IST

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായുള്ള പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി മാനിക്കുന്നെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ. ഇതിൽ രാജിവയ്‌ക്കേണ്ട പ്രശ്നം വരുന്നില്ലല്ലോ. അടുത്ത ദിവസം ഡൽഹിയിൽ സ്ഥിരം ജോലിയിൽ പ്രവേശിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ഞാൻ ആവശ്യപ്പെട്ടിട്ടല്ലല്ലോ പുനർ നിയമനം നടത്തിയത്. ഏഴ് വർഷം ഇരുന്നു. യൂണിവേഴ്സിറ്റിക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യാൻ സാധിച്ചു. നാളെ ഞാൻ പെർമനന്റ് പ്രൊഫസറായി ജാമിയ മിലിയയിൽ ജോയിൻ ചെയ്യും. റിവ്യൂ കൊടുക്കില്ല. ഞാൻ വിധി വായിച്ചിട്ടില്ല.'- അദ്ദേഹം പറഞ്ഞു. പ്രിയ വർഗീസിന്റെ നിയമനത്തിൽ ബാഹ്യ ഇടപെടലുകൾ നടന്നിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായുള്ള ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം അൽപം മുമ്പാണ് സുപ്രീം കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നു എന്നാണ് വിധി പ്രസ്താവനയിൽ കോടതി പറഞ്ഞത്.

സർക്കാരിനെ സംബന്ധിച്ച് സുപ്രീം കോടതി വിധി കനത്ത തിരിച്ചടിയാണ്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും പ്രതികരിച്ചിരുന്നു. കോടതി വിധിയുടെ വിശദാംശം ലഭിച്ചിട്ടില്ലെന്നും,​ പിന്നീട് വിശദമായി പ്രതികരിക്കാമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Advertisement
Advertisement