അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പരാതി, എ പി ജയനെ സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി, നടപടിയെപ്പറ്റി അറിയില്ലെന്ന് പ്രതികരണം
Thursday 30 November 2023 4:21 PM IST
പത്തനംതിട്ട: എ പി ജയനെ സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ നടപടി. മുല്ലക്കര രത്നാകരനാണ് പകരം ചുമതല. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു എ പി ജയനെതിരായ പരാതി. തുടർന്ന് നാലംഗ പാർട്ടി കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. കമ്മീഷന്റെ നിർദേശപ്രകാരമാണ് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ സ്ഥാനങ്ങളിൽ നിന്നും ജയനെ നീക്കിയത്. പാർട്ടി നടപടിയെപ്പറ്റി തനിക്കറിയില്ലെന്നാണ് എ പി ജയന്റെ പ്രതികരണം. സംസ്ഥാന കൗൺസിൽ അംഗമാണ് താനെന്നും ആ ഘടകത്തിലാണ് കമ്മീഷൻ ചർച്ച ചെയ്ത് നടപടിയെടുക്കേണ്ടതെന്നും അതുണ്ടായില്ലെന്നും ജയൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.