ആസ്റ്റർ വിദേശ ബിസിനസ് വേർതിരിക്കുന്നു
കൊച്ചി: ആരോഗ്യ മേഖലയിലെ മുൻനിര കമ്പനിയായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഇന്ത്യയിലെയും ജി.സി.സിയിലെും പ്രവർത്തനങ്ങൾ വേർതിരിക്കുന്നു. ഇതുസംബന്ധിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ഡയറക്ടർ ബോർഡും ആസ്റ്റർ അനുബന്ധ സ്ഥാപനമായ അഫിനിറ്റി ഹോൾഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡും അംഗീകാരം നൽകി.
ആസ്റ്ററിന്റെ ജി.സി.സി ബിസിനസിൽ നിക്ഷേപിക്കാൻ യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജർ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കൺസോർഷ്യവുമായി അഫിനിറ്റി ഹോൾഡിംഗ്‌സ് കരാറിൽ ഏർപ്പെട്ടു. എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, അൽസെയർ ഗ്രൂപ്പിന്റെ നിക്ഷേപ വിഭാഗമായ അൽ ദൗ ഹോൾഡിംഗ് കമ്പനി, ഹന ഇൻവെസ്റ്റ്‌മെന്റ് കമ്പനി, വഫ ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവ ഉൾപ്പെട്ടതാണ് ഫജർ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം.
1987ൽ ഡോ. ആസാദ് മൂപ്പൻ ദുബായിൽ ഒരൊറ്റ ക്ലിനിക്കായി ആരംഭിച്ചതാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. നിലവിൽ ആസ്റ്ററിന് അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 19 ആശുപത്രികൾ, 13 ക്ലിനിക്കുകൾ, 226 ഫാർമസികൾ, 251 പേഷ്യന്റ് എക്‌സ്പീരിയൻസ് സെന്ററുകൾ എന്നിവയുണ്ട്.
വിഭജനത്തിനു ശേഷവും ഡോ. ആസാദ് മൂപ്പൻ തന്നെ ഇന്ത്യ, ജി.സി.സി സ്ഥാപനങ്ങളുടെ സ്ഥാപകനും ചെയർമാനുമായി തുടരും. ജി.സി.സി ബിസിനസ് ഗ്രൂപ്പ് സി.ഇ.ഒ ആൻഡ് മാനേജിംഗ് ഡയറക്ടറായി അലീഷാ മൂപ്പനെ നിയമിക്കും. ഇന്ത്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഡോ. നിതീഷ് ഷെട്ടി തന്നെയായിരിക്കും.