ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗോപിനാഥ് രവീന്ദ്രനെ പരിഗണിച്ചേക്കും

Friday 01 December 2023 12:51 AM IST

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ സ്ഥാനത്തു നിന്ന് സുപ്രീംകോടതി പുറത്താക്കിയ ഡോ.ഗോപിനാഥ് രവീന്ദ്രനെ സർക്കാർ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷനാക്കാൻ ആലോചിക്കുന്നു . ജാമിയ മില്ലിയ വാഴ്സിറ്റിയിലെ പ്രൊഫസർ ജോലിയിൽ പുന:പ്രവേശിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൗൺസിലിന്റെ തലപ്പത്ത് അദ്ദേഹത്തെ കൊണ്ടുവരുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ് . എല്ലാ വാഴ്സിറ്റികളുടെയും നിയന്ത്രണാധികാരമുള്ള കൗൺസിൽ ഉപാദ്ധ്യക്ഷന് വി.സിയുടെ പദവിയുണ്ട്. നേരത്തേ സുപ്രീംകോടതി പുറത്താക്കിയ സാങ്കേതിക വാഴ്സിറ്റി വി.സി ഡോ.രാജശ്രീയെ സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറാക്കിയിരുന്നു.

പ്രൊഫ.രാജൻ ഗുരുക്കളാണ് നിലവിൽ കൗൺസിൽ ഉപാദ്ധ്യക്ഷൻ. 2021ൽ അദ്ദേഹത്തിന്റെ നാലുവർഷ കാലാവധി അവസാനിച്ചിട്ടും കഴിഞ്ഞ സെപ്തംബറിൽ വീണ്ടും നാല് വർഷത്തേക്കുകൂടി നിയമിക്കുകയായിരുന്നു. ചുരുക്കത്തിൽ ഗുരുക്കൾക്ക് 10വർഷം ഉപാദ്ധ്യക്ഷ പദവി കിട്ടും. ഇതിൽ ഇടത് അദ്ധ്യാപക, വിദ്യാർത്ഥി സംഘടനകൾ സർക്കാരിനെ അതൃപ്തിയറിയിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം അതേപടി നടപ്പാക്കാൻ തിടുക്കം കാട്ടുന്നുവെന്നാണ് പ്രധാന ആക്ഷേപം. ഒന്നാം പിണറായി സർക്കാർ നിയമിച്ച ഉപാദ്ധ്യക്ഷന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പും വിലയിരുത്തിയത്. പാഠ്യപദ്ധതി പരിഷ്‌കരണ ശിൽപ്പശാലയിൽ മന്ത്രി ആർ.ബിന്ദുവും കൗൺസിൽ നേതൃത്വത്തെ തള്ളിപ്പറഞ്ഞിരുന്നു.

പരീക്ഷയും ഫലപ്രഖ്യാപനവും തോന്നുംപടിയായിട്ടും കൗൺസിലിന് ഇടപെടാനാവുന്നില്ല. സമയത്ത് പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കുന്നതടക്കം പരീക്ഷാ പരിഷ്‌കരണങ്ങളും ഫലംകണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ മികച്ച അക്കാഡമിഷ്യനായ ഗോപിനാഥ് രവീന്ദ്രനെ കൗൺസിൽ ഉപാദ്ധ്യക്ഷനാക്കുന്ന കാര്യം സർക്കാർ പരിഗണിച്ചേക്കും.

Advertisement
Advertisement