ഉദ്യോഗസ്ഥരുടെ തെറ്റായ അനുമാനം: പിഴ അടയ്ക്കേണ്ടത് ജനങ്ങൾ

Friday 01 December 2023 12:20 AM IST

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില കുറച്ചു കാട്ടി രജിസ്ട്രേഷൻ നടത്തിയതിന്റെ പേരിൽ രണ്ടു ലക്ഷത്തോളം പേർ റിക്കവറി നേരിടേണ്ടി വരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു മാനദണ്ഡവുമില്ലാതെ രേഖപ്പെടുത്തിയ അനുമാന വിലയുടെ പേരിൽ.

2010ൽ ന്യായവില വരും മുമ്പ് ആധാരത്തിൽ രേഖപ്പെടുത്തുന്ന വിലയുടെ അടിസ്ഥാനത്തിലാണ് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഈടാക്കിയിരുന്നത്. ഈ വില കുറവെന്ന് സബ് രജിസ്ട്രാർക്ക് തോന്നുകയോ, ഏതെങ്കിലും പരാതി ലഭിക്കുകയോ ചെയ്താലാണ് രജിസ്റ്ററിംഗ് ഉദ്യോഗസ്ഥൻ ജില്ലാ രജിസ്ട്രാർക്ക് യഥാർത്ഥ വില നിശ്ചയിക്കാനായി റഫർ ചെയ്യുന്നത്. ഇതിനുള്ള ഫോം ഒന്ന് എ യിലെ പത്താം കോളത്തിലാണ് വിലകുറച്ചാണ് കാട്ടിയെന്നതിന്റെ കാരണം പറയേണ്ടത്. ആധാരം രജിസ്റ്റർചെയ്ത വില കുറവാണെന്ന് അനുമാനിക്കുന്നുവെന്ന് രേഖപ്പെടുത്തും. സ്ഥലത്തിന്റെ വിപണി മൂല്യം, താമസയോഗ്യമാണോ, ഗതാഗത സൗകര്യം, സമീപത്തെ വസ്തുക്കളുടെ വില തുടങ്ങിയ മാനദണ്ഡങ്ങളാവും അടിസ്ഥാനം. തെറ്റായ ഈ അനുമാനമാണ് ഭൂഉടമകളെ ഇപ്പോൾ റിക്കവറിയിലേക്ക് തള്ളിവിട്ടത്.

വില കുറച്ചുകാട്ടി രജിസ്ട്രേഷൻ നടത്തിയതിന് അണ്ടർ വാല്യൂവേഷൻ നോട്ടീസ് ലഭിച്ചശേഷം അതേ വസ്തു ഉടമ കൈമാറ്റം ചെയ്താലും കുടിശ്ശിക ബാദ്ധ്യതയിൽ നിന്ന് ഒഴിവാകില്ല. കേരള മുദ്രപ്പത്ര ആക്ടിലെ 30-ാം വകുപ്പ് പ്രകാരം വിലയാധാരങ്ങളിൽ വസ്തു വാങ്ങുന്ന വ്യക്തിയാണ് മുദ്രപ്പത്ര ചെലവ് വഹിക്കേണ്ടത്. പിന്നീട് എത്രതവണ ഇതേ വസ്തു കൈമാറ്റം നടന്നാലും അണ്ടർ വാല്യൂവേഷൻ കണ്ടെത്തിയാൽ അതാത് സമയത്തെ ഉടമ കുടിശ്ശിക അടയ്ക്കേണ്ടി വരും.

നിശ്ചയിക്കേണ്ടത് ആർ.ഡി.ഒ

ഭൂമിയുടെ ന്യായവില നിശ്ചയിക്കാനുള്ള അവകാശം ആർ.ഡി.ഒയ്ക്കാണ്. ഭൂമിയോട് ചേർന്നുള്ള സ്റ്റേറ്റ് ഹൈവെ, നാഷണൽ ഹൈവെ, വാണിജ്യ സാദ്ധ്യത, ഗതാഗത സൗകര്യം തുടങ്ങി 12 ഓളം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ന്യായവില നിശ്ചയിച്ച് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വില്ലേജ്, രജിസ്ട്രേഷൻ ഓഫീസുകളിൽ ഇത് ലഭ്യമാണ്. റവന്യു വകുപ്പിന്റെ ഡിജിറ്റൽ റീസർവെ പൂർത്തിയാവുന്നതോടെ സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളെയും 1666 വില്ലേജ് ഓഫീസുകളെയും യോജിപ്പിക്കുന്ന സംവിധാനം വരും.

Advertisement
Advertisement