സി.പി.ഐ : സെക്രട്ടറിയുടെ ചുമതല കൈമാറിയില്ല
തിരുവനന്തപുരം: കാനം രാജേന്ദ്രൻ അവധിയിൽ പോകുന്ന ഒഴിവിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല കൈമാറുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ സി.പി.ഐ നേതൃയോഗം. കാനം ദേശീയ സെക്രട്ടേറിയറ്റ് അംഗമായതിനാൽ ദേശീയ എക്സിക്യൂട്ടീവിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ആരോഗ്യപരമായ കാരണങ്ങളാൽ മൂന്ന് മാസത്തേക്ക് സെക്രട്ടറി സ്ഥാനത്തും നിന്നും അവധി നൽകണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിലും സംസ്ഥാന നിർവാഹക സമിതി യോഗം തീരുമാനമെടുത്തില്ല. ഇക്കാര്യത്തിലും പാർട്ടി ദേശീയ നേതൃത്വം തീരുമാനമെടുക്കും.
സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല തത്കാലത്തേക്ക് അസി.സെക്രട്ടറിമാരായ പി.പി സുനീറും ഇ.ചന്ദ്രശേഖരനും വഹിക്കും.. കാനം പാർട്ടിയിൽ വീണ്ടും സജീവമാകുന്നത് വരെ സംസ്ഥാന നേതൃത്വം കൂട്ടായി ചുമതല വഹിക്കും.. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം,സംസ്ഥാന അസി. സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരൻ, പി.പി.സുനീർ ദേശീയ കൗൺസിൽ അംഗം കെ.പ്രകാശ് ബാബു എന്നിവർ ചേർന്നാകും നേതൃതലത്തിലുള്ള തീരുമാനങ്ങൾ എടുക്കുക. ആരോഗ്യ പ്രശ്നങ്ങൾ മൂലം ചികിത്സയിലായിരുന്ന കാനം കുറച്ച് നാളുകളായി സജീവ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുകയായിരുന്നു. കടുത്ത പ്രമേഹത്തെ തുടർന്ന് അദ്ദേഹത്തിന്റെ കാൽപ്പാദം മുറിച്ച് മാറ്റിയിരുന്നു. ഇതേത്തുടർന്നാണ് അവധി അപേക്ഷ നൽകിയത്. മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടുളള കത്ത് സംസ്ഥാന-ദേശീയ നേതൃത്വങ്ങൾക്ക് കൈമാറിയിരുന്നു.
പത്തനംതിട്ട ജില്ലാ
സെക്രട്ടറിയെ നീക്കി
സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി .ജയനെ സ്ഥാനത്ത് നിന്നും നീക്കി. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് നടപടി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരനാണ് പകരം ചുമതല
. പാർട്ടി എക്സിക്യൂട്ടീവ് അംഗം കെ.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള കമ്മിഷനാണ് പരാതി അന്വേഷിച്ചത്. ആർ. രാജേന്ദ്രൻ, സി.കെ.ശശിധരൻ, പി.വസന്തം എന്നിവരായിരുന്നു അംഗങ്ങൾ. അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയ ശേഷം പാർട്ടി നടപടിയെടുത്തത്.