'അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം', പേന സമ്മാനമായി നൽകുന്നതിനൊപ്പം ജിന്റോയെ ചേർത്തുപിടിച്ചുകൊണ്ട് മുഖ്യമന്ത്രി ഒരു ഉപദേശം കൂടി കൊടുത്തു
മലപ്പുറം: 'അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം"... കൈവശമുള്ള പേന സമ്മാനമായി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ജിന്റോയെ വാത്സല്യത്തോടെ ചേർത്തുപിടിച്ചു. ബുധനാഴ്ച മഞ്ചേരിയിലെ നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നിയുക്തനായ എൻ.സി.സി കേഡറ്റ് ജിന്റോ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചിരുന്നു.
കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ വേദിയിൽ വച്ചുതന്നെ ജിന്റോ പരിചരിച്ചു. എൻ.സി.സി കേഡറ്റിന്റെ കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായെന്ന് സോഷ്യൽമീഡിയയിലടക്കം വാർത്തകൾ പരന്നു. ഇതുകണ്ട് വിഷമിച്ച ജിന്റോ മുഖ്യമന്ത്രിയെ കാണണമെന്ന് താത്പര്യപ്പെട്ടു. നവകേരള സദസിന്റെ ഭാഗമായി ഇന്നലെ നിലമ്പൂർ നിയോജക മണ്ഡലത്തിലെത്തിയപ്പോൾ പി.വി.അൻവർ എം.എൽ.എയുടെ വസതിയിൽ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. സംഭവം ദിവസം തന്നെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഓഫീസിൽ നിന്ന് ജിന്റോയെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. മഞ്ചേരി ബോയ്സ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജിന്റോ.