ഗൾഫിൽ ജോലി ചെയ്‌തിരുന്ന സൗമ്യ നാട്ടിലെത്തിയത് മൂന്ന് മാസം മുമ്പ്, ക്യാൻസർ തിരിച്ചറിഞ്ഞതോടെ തകർന്നു; ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്

Friday 01 December 2023 1:27 PM IST

ആലപ്പുഴ: മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങിമരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മൂലേപ്പറമ്പിൽ വീട്ടിൽ സുനു - സൗമ്യ ദമ്പതികളാണ് ഇരട്ടക്കുട്ടികളായ ആദി, അതുൽ എന്നിവരെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്.

രാവിലെ ആറു മണിയോടെയാണ് മരണവാർത്ത പുറത്തറിയുന്നത്. കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണം കടബാദ്ധ്യതയും രോഗവുമാണെന്നാണ് വിവരം.

ഗൾഫിൽ നഴ്സായിരുന്നു സൗമ്യ. മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ചുപോകുന്നതിനുവേണ്ടി മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോഴാണ് രക്താർബുദം തിരിച്ചറിഞ്ഞത്. ആർ സി സിയിൽ ചികിത്സയിലായിരുന്നു. ഒന്നര ആഴ്ച ഇടവേളയിൽ രക്തം മാറ്റണം. ഇതിനുവേണ്ടി ഇന്ന് ആശുപത്രിയിൽ പോകാനിരുന്നതാണെന്ന് ബന്ധുക്കൾ പറയുന്നു.

സുനുവും പ്രവാസിയായിരുന്നു. നാട്ടിൽ തിരിച്ചെത്തി വെൽഡിംഗ് ജോലി ചെയ്തുവരുന്നതിനിടയിൽ അപകടം പറ്റിയിരുന്നു. വീട്ടിൽ നിന്ന് ആത്മഹത്യാകുറിപ്പ് കിട്ടിയിട്ടുണ്ട്. അസുഖമായതിനാൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് കുറിപ്പിലുള്ളതെന്നാണ് വിവരം.