ട്വന്റി-20 ലോകകപ്പിലും സഞ്ജുവിന് ഇടമില്ലേ? തിരികെയെത്താന്‍ മുന്നിലുള്ളത് ഒരേയൊരു അവസരം മാത്രം

Friday 01 December 2023 4:30 PM IST

തിരുവനന്തപുരം: മലയാളി താരം സഞ്ജുവിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയങ്കിലും ഒരു കാര്യത്തില്‍ ഇപ്പോഴും അതൃപ്തിയുണ്ട് ആരാധകര്‍ക്ക്. ട്വന്റി-20 ലോകകപ്പ് വരാനിരിക്കെ താരത്തെ ഏകദിന ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. താരത്തെ ലോകകപ്പിനുള്ള സംഘത്തിലേക്ക് പരിഗണിക്കുന്നില്ലെന്നതിന്റെ സൂചനയാണ് ടീം സെലക്ഷന്‍ നല്‍കുന്നത്.

മുമ്പ് ഏകദിന ലോകകപ്പിന് മുന്നോടിയായി നടന്ന പരമ്പരകളില്‍ സഞ്ജുവിനെ ട്വന്റി-20 ഫോര്‍മാറ്റില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഏകദിന ലോകകപ്പ് കഴിഞ്ഞ് അടുത്ത ജൂണില്‍ 20 ഓവര്‍ ഫോര്‍മാറ്റില്‍ ലോകകപ്പ് നടക്കാനിരിക്കെ താരത്തെ 50 ഓവര്‍ ഫോര്‍മാറ്റില്‍ മാത്രം ഉള്‍പ്പെടുത്തിയതിലെ ഉദ്ദേശമെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങള്‍ കളിക്കുന്ന ടീമിലാണ് സഞ്ജുവിനെ തിരഞ്ഞെടുത്തത്. വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ ക്യാപ്റ്റായതിനാല്‍ തന്നെ വെറും ബാറ്ററായി മാത്രമാകും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കുക. എന്നാല്‍ ഫീല്‍ഡിംഗിലും മികവ് പുലര്‍ത്തുന്ന താരത്തെ സംബന്ധിച്ച് അത് കാര്യമായ ഒരു പ്രശ്‌നമല്ല.

ട്വന്റി-20 ടീമില്‍ ഇഷാന്‍ കിഷന് പുറമേ ജിതേഷ് ശര്‍മ്മയാണ് രണ്ടാം വിക്കറ്റ് കീപ്പര്‍. ഇപ്പോള്‍ പുരോഗമിക്കുന്ന ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയിലും ജിതേഷ് ശര്‍മ്മയാണ് രണ്ടാം വിക്കറ്റ് കീപ്പര്‍. എസ് ശ്രീശാന്തിന് ശേഷം ഒരു മലയാളി താരം ലോകകപ്പ് കളിക്കുന്നത് കാണാനുള്ള മലയാളി ആരാധകരുടെ പ്രതീക്ഷ മങ്ങുകയാണ് സഞ്ജുവിനെ ട്വന്റി-20 ടീമില്‍ ഉള്‍പ്പെടുത്താത്.

എന്നാല്‍ സഞ്ജുവിനെ സംബന്ധിച്ച് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവസരം മികച്ച രീതിയില്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ലഭിക്കുന്ന അവസരങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന യുവതാരങ്ങള്‍ അനവധിയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍. ആഭ്യന്തര ക്രിക്കറ്റില്‍ മോശം ഫോമിലാണെങ്കിലും താരം ദക്ഷിണാഫ്രിക്കയില്‍ മികവ് പുലര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ട്വന്റി-20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് അഫ്ഗാനിസ്ഥാന് എതിരെ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം 20 ഓവര്‍ ഫോര്‍മാറ്റില്‍ മത്സരങ്ങളുള്ളത്. ഏഷ്യാ കപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. അങ്ങനെയാണെങ്കില്‍ ഐപിഎല്‍ മാത്രമാകും സഞ്ജുവിന് ട്വന്റി-20 ടീമിലേക്ക് മടങ്ങിവരാനുള്ള ഒരേയൊരു വഴി.