നവകേരളയ്ക്ക് തദ്ദേശ ഫണ്ട്: സർക്കാർ ഉത്തരവിന് സ്റ്റേ

Saturday 02 December 2023 12:40 AM IST

 തീരുമാനിക്കേണ്ടത് കൗൺസിലെന്ന് ഹൈക്കോടതി

കൊച്ചി: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്ന് പണം ചെലവിടാൻ സെക്രട്ടറിമാർക്ക് അധികാരം നല്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. കൗൺസിലിന്റെ തീരുമാനപ്രകാരമേ തദ്ദേശ ഫണ്ടിൽ നിന്ന് പണം നൽകാനാകൂവെന്ന് ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ് വ്യക്തമാക്കി.

സർക്കാർ ഉത്തരവ് ചോദ്യംചെയ്ത് പറവൂർ നഗരസഭാ ചെയർപേഴ്‌‌സൺ ബീന ശശിധരൻ നല്കിയ ഹർജിയാണ് പരിഗണിക്കുന്നത്. ഹർജി തീർപ്പാകും വരെയാണ് സ്റ്റേ.

ഒക്ടോബർ 27ലെ സർക്കാർ ഉത്തരവിൽ, നവകേരള സദസിനായി ഫണ്ട് ചെലവിടാൻ തദ്ദേശസ്ഥാപനങ്ങൾക്ക് തദ്ദേശ വകുപ്പ് അനുമതി നല്കണമെന്ന് പറഞ്ഞിരുന്നു. നവംബർ ഒന്നിന് തദ്ദേശ അഡി. ചീഫ് സെക്രട്ടറി നിശ്ചിത തുക ചെലവിടാൻ അനുമതിനല്കി ഉത്തരവിറക്കി. ഇതാണ് ഹർജിക്കാരി ചോദ്യംചെയ്തത്.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ട് സർക്കാരിനുവേണ്ടി ചെലവാക്കണമെന്ന് ഉത്തരവിടാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. തനതു ഫണ്ടിലെ പണം അതത് സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്ക് ചെലവിടാനുള്ളതാണ്.

അധികാരത്തിൽ

കടന്നുകയറുന്നു

 സർക്കാർ ഉത്തരവ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് ഹർജി

 നിശ്ചിതതുക എല്ലാ തദ്ദേശ സ്ഥാപനങ്ങളും നല്കണമെന്ന് നിർബന്ധിക്കുന്ന ഉത്തരവാണ് സർക്കാരിന്റേതെന്നും ചൂണ്ടിക്കാട്ടി

 എന്നാൽ, നിർബന്ധിക്കുന്ന ഉത്തരവല്ലെന്ന് അഡി. ചീഫ് സെക്രട്ടറി വിശദീകരിച്ചു. സ്വന്തം ഫണ്ടിൽ നിന്ന് പണംചെലവാക്കാൻ അനുമതി നല്കുകയാണ് ചെയ്തത്

 തദ്ദേശ നിയമപ്രകാരം ഉത്തരവ് നൽകാൻ സർക്കാരിന് അധികാരമുണ്ടെന്നും ഹർജി സദുദ്ദേശ്യത്തോടെയുള്ളതല്ലെന്നും അഡ്വക്കേറ്റ് ജനറലും വാദിച്ചു. ഇതു തള്ളിയാണ് സ്റ്റേ

Advertisement
Advertisement