അന്ന് റവന്യു ഇൻസ്‌പെക്ടർ ഇന്ന് എൻജി. വിദ്യാർത്ഥിനി! മക്കൾക്കൊപ്പമെത്തി അഡ്മിഷനെടുത്ത് അനിത

Saturday 02 December 2023 12:00 AM IST

തൃശൂർ: റവന്യു ഇൻസ്‌പെക്‌ടറായിരുന്നു അനിത. 20 വർഷത്തെ സേവനത്തിന് ശേഷം ജോലിയിൽ നിന്ന് പിരിഞ്ഞപ്പോൾ വീണ്ടും പഠിക്കണമെന്ന് ആഗ്രഹം ഉള്ളിലുറച്ചു. തുടർന്ന് മക്കളും മരുമകളും പേരക്കുട്ടികളുമായി തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിലെത്തി. അഡ്മിഷൻ ആർക്കാ എന്ന പ്രിൻസിപ്പലിന്റെ ചോദ്യത്തിന് ചെറുചിരിയോടെ അനിത മറുപടി നൽകി, 'എനിക്കു തന്നെ".

ഞെട്ടിയ പ്രിൻസിപ്പലിന്റെ അടുത്ത ചോദ്യം ഉടനെത്തി, 'എന്തിനാണ് ഈ പ്രായത്തിൽ പഠിക്കുന്നത് ?". അതിനും അനിത മറുപടി കരുതിയിരുന്നു. 'സർക്കാർ അനുവദിച്ച വീടിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാനുള്ള സാധാരണക്കാരുടെ കഷ്ടപ്പാട് കണ്ടറിഞ്ഞിട്ടുണ്ട്. ഈ സേവനങ്ങളൊക്കെ അവർക്ക് സൗജന്യമായി നൽകണം. അതിനായി സിവിൽ എൻജിനിയറിംഗ് ബിരുദം നേടണം". അങ്ങനെ ആഗസ്റ്റിൽ സിവിൽ എൻജിനിയറിംഗിന് പ്രവേശം നേടി.

ക്ലാസിൽ 18-19 വയസുള്ള വിദ്യാർത്ഥികൾ. എല്ലാവരും മക്കളെപ്പോലെ. പഠിക്കാൻ അവരും സ്വന്തം മക്കളും സഹായിക്കും. അവർ അപൂർവങ്ങളിൽ അപൂർവമായ മാതൃകയാണെന്ന് സഹപാഠികളുടെയും അദ്ധ്യാപകരുടെയും സാക്ഷ്യം.

 അഞ്ച് വർഷം അദ്ധ്യാപിക

ബി.എസ്‌സി ഗണിതശാസ്ത്ര ബിരുദവും ബി.എഡും നേടിയ അനിത, അഞ്ച് വർഷം എയ്ഡഡ് യു.പി സ്‌കൂളിൽ അദ്ധ്യാപികയായി. റവന്യു ഇൻസ്‌പെക്ടറായി ജോലി കിട്ടിയപ്പോഴാണ് അദ്ധ്യാപനം ഉപേക്ഷിച്ചത്. എൻട്രൻസ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കാൻ വിരമിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ഓൺലൈൻ ക്ലാസിൽ ചേർന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു വിരമിക്കൽ. മക്കളായ അനൂപ്, പാർവതി, മരുമകളായ അപർണ, പേരക്കുട്ടികളായ നിരാമയ, നീലാംബരി എന്നിവർക്കൊപ്പമാണ് അനിത കോളേജിലെത്തി പ്രവേശനം നേടിയത്. ഇപ്പോൾ പഠനം ഉഷാർ. ഗണിതം ബിരുദതലത്തിൽ പഠിച്ചപ്പോഴുള്ള അറിവുണ്ട്. അതുകൊണ്ട് സിവിൽ എൻജിനിയറിംഗ് സിലബസും എളുപ്പമായി. മുളങ്കുന്നത്തുകാവ് കിലയുടെ അടുത്തുള്ള 'അനുഗ്രഹ"ത്തിലാണ് താമസം. ഭർത്താവ്: പരേതനായ രാമചന്ദ്രൻ.

'പഠിക്കാൻ എന്നും ഇഷ്ടമായിരുന്നു. ഇപ്പോൾ എല്ലാവരുടെയും പിന്തുണ കിട്ടിയപ്പോൾ വീണ്ടും പഠിക്കാൻ തീരുമാനിച്ചു".

- അനിത

'പുതിയ അവസരം സ്വീകരിക്കുന്നതിലൂടെ ലഭിക്കുന്ന പരിധിയില്ലാത്ത സാദ്ധ്യതകളുടെ നേർസാക്ഷ്യമാണ് അനിതയെ പോലെയുള്ള വിദ്യാർത്ഥികൾ".

- ഡോ. സി.ബി. സജി, പ്രിൻസിപ്പൽ

Advertisement
Advertisement