മെഡിക്കൽ ഏകീകൃത കൗൺസലിംഗ്: സുതാര്യത കൂടും,സംവരണം ഉറപ്പാവും

Friday 01 December 2023 11:49 PM IST

മെഡിക്കൽ പ്രവേശനം വേഗത്തിലാവും

തിരുവനന്തപുരം: വരുന്ന അദ്ധ്യയനവർഷം മുതൽ നടപ്പാക്കുന്ന കേന്ദ്രത്തിന്റെ ഏകീകൃത കൗൺസലിംഗിലൂടെ മെഡിക്കൽ ബിരുദ, ബിരുദാനന്തര പ്രവേശനം കൂടുതൽ സുതാര്യമാകുന്നതിനൊപ്പം നിലവിലെ സംവരണം അതേപടി തുടരുകയും ചെയ്യും.ന്യൂനപക്ഷ കോളേജുകളിലെ പ്രവേശനവും ഏകീകൃത കൗൺസലിംഗിലൂടെയാവും.

ഒഴിവുണ്ടാവുന്ന സീറ്റുകളിൽ കോളേജുകൾക്ക് പ്രവേശനം നടത്താനാവില്ല. അതും കേന്ദ്രകൗൺസലിംഗ് വഴിയാകും. സംസ്ഥാനത്തെ എല്ലാ സംവരണവും നിലനിറുത്തും. കേന്ദ്രപട്ടികയിലില്ലാത്ത പല വിഭാഗങ്ങളും സംവരണ പട്ടികയിലുണ്ട്. ഇരുപത് വിഭാഗങ്ങളുടെ സംവരണം സംരക്ഷിക്കപ്പെടും. മൂന്ന് പ്രധാന അലോട്ടമെന്റും ഒരു മോപ്അപ് അലോട്ട്മെന്റും ഉണ്ടാവും.

നിലവിൽ ഗവ. മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസിന്റെ 85 ശതമാനവും പി.ജി കോഴ്സുകളിൽ 50 ശതമാനവും സീറ്റുകളിലും സ്വാശ്രയത്തിൽ എൻ.ആർ.ഐ ക്വോട്ടയിലടക്കം മുഴുവൻ എം.ബി.ബി.എസ് സീറ്റുകളിലും എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റാണ്. 15% അഖിലേന്ത്യാ ക്വോട്ടയിൽ കേന്ദ്രമെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടേതാണ് അലോട്ട്മെന്റ്. ഇനി കേന്ദ്ര, സംസ്ഥാന ക്വോട്ടകളിലേക്ക് ഒറ്റ രജിസ്ട്രേഷൻ മതിയാവും. എത്ര ഓപ്ഷൻ വേണമെങ്കിലും നൽകാം. രണ്ട് അലോട്ട്മെന്റുകളും ഒറ്റ കൗൺസലിംഗിൽ സമാന്തരമായി നടത്തും. ഇതിനുള്ള കേന്ദ്രപോർട്ടലിൽ സംസ്ഥാന ക്വോട്ടയ്ക്കായി പ്രത്യേക സംവിധാനമുണ്ടാവും. സംസ്ഥാനങ്ങളുടെ മാനദണ്ഡപ്രകാരമുള്ള രേഖകൾ നൽകണം. നിലവിലുള്ള കേന്ദ്ര,സംസ്ഥാന ക്വോട്ടകളിൽ വ്യത്യാസമുണ്ടാവില്ല.

നിലവിൽ കേന്ദ്ര, സംസ്ഥാന കൗൺസലിംഗ് വെവ്വേറെ നടത്തുന്നതിനാൽ പ്രവേശനത്തിന് കാലതാമസമുണ്ട്. ഏകീകൃത കൗൺസലിംഗിൽ ഒരുമാസം കൊണ്ട് പ്രവേശനം പൂർത്തിയാക്കാം. ക്ലാസുകൾ നേരത്തേ തുടങ്ങാനുമാവും.

കുട്ടികൾക്ക് മെച്ചം

പ്രവേശനത്തിലെ ക്രമക്കേട് പൂർണമായി ഇല്ലാതാവും

നീറ്റ് മെരിറ്റ് ഉറപ്പാക്കി എല്ലാസീറ്റിലും പ്രവേശനം‌

യോഗ്യർക്ക് രാജ്യത്തെവിടെയും ഓപ്ഷൻ നൽകാം

സീറ്റുകൾ കാലിയാകുന്നത് ഒഴിവാകും

സ്വകാര്യ കോളേജുകളിലെ സീറ്റ്‌വിൽപ്പന ഇല്ലാതാവും

ഡെന്റലിലും ഒറ്റ കൗൺസലിംഗ്

മെഡിക്കലിന് പിന്നാലെ ബി.ഡി.എസ്, എം.ഡി.എസ് കോഴ്സുകളിലും ഏകീകൃത കൗൺസലിംഗ് വരും. ദേശീയ ഡെന്റൽ കമ്മിഷൻ ഇതിന് നടപടി തുടങ്ങി.

''മെഡിക്കൽ പ്രവേശനത്തിലെ തരികിട പൂർണമായി തടയാനാവും. സംവരണ വിഭാഗങ്ങളുടെ ക്വോട്ട സംരക്ഷിക്കപ്പെടും.''

-ഡോ.മോഹനൻ കുന്നുമ്മേൽ

ദേശീയ മെഡിക്കൽ കമ്മിഷൻ അംഗം

133450

കേരളത്തിൽ കഴിഞ്ഞവർഷം നീറ്ര് എഴുതി

75362

നീറ്റ് യോഗ്യത നേടി