കുഴിയിൽ ചാടിയാൽ ചാർജാവും ഈ ടെക് ബസ്

Saturday 02 December 2023 1:31 AM IST

തിരുവനന്തപുരം: ബസ് കുഴിയിൽ ചാടുമ്പോൾ ഭരണാധികാരികളെ ചീത്ത പറയാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, പെട്രോളിന് തീവിലിയുള്ള ഈ കാലത്ത് ബസ് കുഴിയിൽ വീണാൽ ചാർജ് ആയാലോ!. സംഗതി കളിയല്ല.​ കുട്ടിശാസ്ത്രജ്ഞരുടെ പുത്തൻ കണ്ടുപിടിത്തമാണിത്.

ഇടുക്കി കരിമണ്ണൂർ സെന്റ്‌ ജോൺസ് എച്ച്.എസ്.എസിലെ ഡോൺ ആന്റണിയും എബിൻ ജെയ്‌മോനുമാണ് ടെക് ബസുമായി എത്തിയത്.

യാന്ത്രിക ഊർജ്ജത്തെ വൈദ്യുതോർജ്ജമാക്കുന്ന വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഗട്ടറിൽ വീഴുമ്പോഴും യാത്രക്കാർ നടക്കുമ്പോഴും ഉണ്ടാകുന്ന യാന്ത്രികോർജ്ജത്തെ ബസിന്റെ ഷോക് അബ്‌സോർബറുകളിൽ ഘടിപ്പിച്ചിരിക്കുന്ന ബെയ്സോ ഇലക്ട്രിക് ഡിസ്‌കിന്റെ സഹായത്തോടെ വൈദ്യുതിയാക്കും. ആ വൈദ്യുതി ലിഥിയം ബാറ്ററിയിൽ സ്റ്റോർ ചെയ്ത്, ബസ് ചാർജ് ചെയ്യും. ഡ്രൈവർ ഉറങ്ങിപ്പോയാൽ മുന്നറിയിപ്പ് നൽകാൻ കണ്ണടയുമുണ്ട്. ഈ കണ്ണട ധരിച്ചുകൊണ്ട് ഡ്രൈവർ ഉറങ്ങിയാൽ അലാറം കേൾക്കും. ഡ്രൈവർ മദ്യപിച്ചാൽ ബസ് സ്റ്റാർട്ടാകില്ല. യാത്രക്കാർ മദ്യപിച്ചിട്ടുണ്ടെങ്കിൽ അതും അറിയിക്കും. തീപിടിച്ചാൽ അലാറം ഉയരുന്നതിനൊപ്പം വെള്ളവും സ്‌പ്രേ ചെയ്യും. ബസിന് മുന്നിൽ ആരെങ്കിലും പെട്ടാൽ സ്വയം ബസ് നിൽക്കും. സൂര്യന്റെ ചലനത്തിനനുസരിച്ച് ദിശമാറുന്ന സോളാർ പാനലും ബസിന്റെ പ്രത്യേകതയാണ്. രാത്രിയിൽ എതിരെ വാഹനം വരുമ്പോൾ ഹെഡ്‌‌ലൈറ്റുകൾ തനിയെ ഡിം ആകും. യാത്രക്കാർ കൈയും തലയും പുറത്തിട്ടാലും വിളിച്ചറിയിക്കും.