കേരള വർമ കോളേജിൽ റീക്കൗണ്ടിംഗ് ഇന്ന്; നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തും

Saturday 02 December 2023 7:41 AM IST

തൃശൂർ: കേരളവര്‍മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗ് ഇന്ന് നടക്കും. കെഎ‍സ്‍യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിർദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണുന്നത്. രാവിലെ ഒൻപതിന് പ്രിൻസിപ്പലിന്റെ ചേംബറിൽ ആണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ നടപടികൾ പൂർണമായും വീഡിയോയിൽ പകർത്തും.

വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു കോടതിയെ സമീപിച്ചിരുന്നത്. ഹർജി പരിഗണിച്ച കോടതി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയതിൽ അപകാതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ഒന്നിന് ആയിരുന്നു തിരഞ്ഞെടുപ്പ്. ആദ്യം വോട്ടെണ്ണിയപ്പോൾ ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടർന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.

ഇടത് അദ്ധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നായിരുന്നു കെ എസ് യുവിന്റെ ആരോപണം. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മന്ത്രി ആര്‍ ബിന്ദുവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ഇടപെട്ടെന്നും കെഎസ്‍യു കുറ്റപ്പെടുത്തിയിരുന്നു.