'ഇത്രയും നാൾ പ്രാർത്ഥിക്കുകയായിരുന്നു,​ ഒരുവട്ടം കൂടി അവളെയൊന്ന് കാണണമെന്നുണ്ട്';​ കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ കണ്ടെത്താനായതിൽ സന്തോഷമുണ്ടെന്ന് ധനഞ്ജയ

Saturday 02 December 2023 11:15 AM IST

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടു പോയവരെ പിടികൂടി എന്ന വാർത്ത ഒരുപാട് സന്തോഷം നൽകിയെന്ന്, കൊല്ലം എസ്.എൻ കോളേജിലെ വിദ്യാർത്ഥികളിൽ ഒരാളായ ധനഞ്ജയ കേരളകൗമുദിയോട് പറഞ്ഞു. ആശ്രാമം മെതാനത്തിരുന്ന കുട്ടിയെ തിരിച്ചറിഞ്ഞ് പൊലീസിന് വിവരം കൈമാറിയവരിൽ ഒരാളാണ് ധനഞ്ജയ.

'കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവരെ എത്രയും വേഗം കണ്ടെത്തണമെന്നായിരുന്നു പിന്നീടുള്ള പ്രാർത്ഥന. കേരളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ വളരെ വേഗത്തിൽ നമ്മുടെ പൊലീസ് സംവിധാനത്തിന് കണ്ടെത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷവും സമാധാനവും തോന്നുന്നുണ്ട്. എപ്പൊഴെങ്കിലും ഒരുവട്ടം കൂടി അവളെ കാണണമെന്ന് ആഗ്രഹമുണ്ട്'- ധനഞ്ജയ പറഞ്ഞു.

കഴിഞ്ഞ 28ന് ഉച്ചയ്ക്ക് പരീക്ഷകഴിഞ്ഞ് വരുന്ന വഴി ആശ്രാമം മൈതാനത്ത് വിശ്രമിക്കാനിരിക്കുമ്പോഴാണ് ധനഞ്ജയയും സുഹൃത്തുക്കളും കുട്ടിയെ കാണുന്നത്. മരത്തണലിൽ ഇരിക്കാനെത്തിയപ്പോഴാണ് ഒരു സ്ത്രീ കുഞ്ഞിനെ അവിടെ ഇരുത്തി എഴുന്നേറ്റുപോകുന്നത് കണ്ടത്. തുടന്ന് ധനഞ്ജയയും സുഹൃത്തുക്കളും കുട്ടിയോട് സംസാരിക്കുകയും ബിസ്കറ്റും വെള്ളവും വാങ്ങി നൽകുകകയും ചെയ്തു. പിന്നീട് കുട്ടിയെ തിരിച്ചറിഞ്ഞ് പൊലീസിൽ അറിയിക്കുകയുമായിരുന്നു.