എസ് എഫ് ഐ സമരം അക്രമാസക്തമായ കേസ്; എ എ റഹീം എംപിയ്‌ക്കും എം സ്വരാജിനും ഒരു വർഷം തടവ്‌ശിക്ഷ വിധിച്ച് കോടതി

Saturday 02 December 2023 6:45 PM IST

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിനെതിരായ നിയമസഭാ മാർച്ചിലെ അക്രമസംഭവങ്ങളിലെ കേസിൽ സിപിഎം നേതാക്കൾക്ക് ഒരു വർ‌ഷം തടവും 5000 രൂപ പിഴശിക്ഷയും വിധിച്ച് കോടതി. എ.എ റഹിം എം.പിയ്‌ക്കും എം സ്വരാജിനുമാണ് കോടതി തടവും പിഴയും വിധിച്ചത്. തിരുവനന്തപുരം ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതി നാലാണ് ശിക്ഷ വിധിച്ചത്. ജഡ്‌ജി ശ്വേതാ ശശികുമാറിന്റേതാണ് ഉത്തരവ്. 2014 ജൂലായ് 30ന് വൈകിട്ടുണ്ടായ സംഭവത്തിൽ ഐപിസി 143 അനുസരിച്ച് 1000 രൂപ പിഴയും ഐപിസി 147 അനുസരിച്ച് 1000 രൂപയും ഐപിസി 283 അനുസരിച്ച് 200 രൂപയും കെപി ആക്‌ടനുസരിച്ച് 500 രൂപയും ഒരാൾ പിഴയടക്കണം.

പത്തോളം പ്രതികളുള്ള കേസിൽ ആറും ഏഴും പ്രതികളാണ് സ്വരാജും റഹീമും. മ്യൂസിയം പൊലീസാണ് കേസെടുത്തത്. വിദ്യാഭ്യാസ നയത്തിനെതിരെ എസ് എഫ് ഐ നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമരത്തിനിടെ ബാരിക്കേഡുകളും വാഹനങ്ങളും തകർത്തുവെന്നാണ് കേസ്. 2010ൽ മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയിലെത്തിയ ഇരു നേതാക്കളും ജാമ്യമെടുത്തു.