അയ്യപ്പന്റെ പേരിൽ യുപിഐ ഐ ‌ഡി വഴി വ്യാപക പണപ്പിരിവ്; സംഘടനയ്‌ക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ്

Saturday 02 December 2023 7:22 PM IST

തിരുവനന്തപുരം: ഭക്തജനങ്ങളിൽ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തിയ സംഘടനയ്‌ക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. അഖില ഭാരത അയ്യപ്പധർമ്മ പ്രചാരസഭയ്‌ക്കെതിരെയാണ് ബോർജ് പ്രസ്‌താവന പുറത്തിറക്കിയത്. സംഘടന അയ്യപ്പന്റെ പേരിൽ ജനങ്ങളിൽ നിന്ന് പണം പിരിക്കുന്നതായി പരാതി ലഭിച്ചതായും ഈ സംഘടനയുമായി ബോർഡിനോ ശബരിമലയ്‌ക്കോ ബന്ധമില്ലെന്നും ദേവസ്വംബോർഡ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

UPI ID: abap@indianbank എന്ന ഐ.ഡിയിലാണ് പണപ്പിരിവ്. വിവരം സൂചിപ്പിച്ച് അഖില ഭാരത അയ്യപ്പധർമ്മ പ്രചാരസഭയുടെ ഫേസ്‌ബുക്കടക്കം സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പോസ്‌റ്റുമുണ്ട്. നാഷണൽ കൗൺസിലിന്റെ പേരിലാണ് അക്കൗണ്ട്. ഏതെങ്കിലും ദേവന്റെയോ ദേവിയുടെയോ പേരിൽ ഭക്തജനങ്ങളിൽ നിന്നും ധനസ്വരൂപണത്തിന് ബോർഡിന് മാത്രമേ അവകാശമുള്ളൂ. തിരുവിതാംകൂർ ഹിന്ദുമത സ്ഥാപന നിയമത്തിലെ വകുപ്പനുസരിച്ചും 2023 ജൂലായ് 15ലെ ഹൈക്കോടതി വിധിയനുസരിച്ചുമാണ് ഇത്. സംഘടന പണപ്പിരിവിൽ നിന്ന് പിന്മാറുമെന്നും അല്ലാത്തപക്ഷം നിയമനടപടിയിലേക്ക് നീങ്ങുമെന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന സൂചന.