ലോകകപ്പ് ഫൈനലിൽ നമ്മൾ എന്തുകൊണ്ട് തോറ്റു? ദ്രാവിഡിന്റെ മറുപടി നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചെന്ന്

Saturday 02 December 2023 8:17 PM IST

മുംബയ്: ജയിക്കുമെന്ന് പൂർ‌ണ വിശ്വാസമുണ്ടായിട്ടും ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതെന്തുകൊണ്ട്? ബിസിസിഐയുടെ ചോദ്യത്തിന് മറുപടിയുമായി ടീം ഇന്ത്യ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത്ത് ശർമ്മയും. പരമ്പരയിലാകെ മികച്ച പ്രകടനം നടത്തിയിട്ടും ഫൈനലിൽ ഇന്ത്യ തോൽക്കാൻ കാരണം പിച്ചാണെന്നാണ് ദ്രാവിഡ് ബിസിസിഐയെ അറിയിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് ആണ് ടീമിന്റെ തോൽവിക്ക് കാരണമെന്ന അമ്പരപ്പിക്കുന്ന വിശദീകരണം ദ്രാവിഡ് നൽകിയപ്പോൾ രോഹിത്ത് ഇതിനെ പിന്തുണച്ചു.

ബിസിസിഐ സെക്രട്ടറി ജെയ് ഷാ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ള, ട്രഷറർ ആശിഷ് ഷെലർ എന്നിവരുമായി ഇരുവരും സ്വകാര്യ യോഗം ചേർന്നിരുന്നു. പിച്ചിൽ വേണ്ടത്ര ടേൺ ലഭിക്കാത്തതിനാൽ ബാറ്റിംഗിൽ ഇന്ത്യയ്‌ക്ക് ഗുണം ലഭിച്ചില്ല. ടീം പ്രതീക്ഷിച്ച പോലെ ഉയർന്ന സ്‌കോർ നേടാൻ പിച്ച് സഹായകമായില്ലെന്ന് രോഹിത്ത് പറഞ്ഞു. നേരത്തെ ലോകകപ്പിൽ പാകിസ്ഥാനുമായുള്ള മത്സരം കളിച്ച അതേ സ്റ്റേഡിയത്തിലാണ് ഫൈനലും കളിച്ചത്. എന്നാൽ പാകിസ്ഥാനെതിരെ സ്‌കോർ പിൻതുടർന്ന് മികച്ച വിജയം ഇന്ത്യ നേടിയപ്പോൾ ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത് ഇന്ത്യ തകർന്നു. നവംബർ 19നായിരുന്നു ഇന്ത്യ-ഓസീസ് ലോകകപ്പ് ഫൈനൽ നടന്നത്.