കരുവന്നൂർ കേസ്: എം.എം. വർഗീസിനെ വീണ്ടും ചോദ്യം ചെയ്യും

Sunday 03 December 2023 12:23 AM IST

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെ ഇ.ഡി ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും. കരുവന്നൂർ ബാങ്കിൽ സി.പി.എം ലോക്കൽ കമ്മിറ്റിക്ക് രണ്ട് രഹസ്യ അക്കൗണ്ടുകളുള്ളതായി സാക്ഷിമൊഴിയുണ്ട്. ഇതിന്റെ നിജസ്ഥിതിയാണ് ഇ.ഡി പരിശോധിക്കുന്നത്. ബാങ്കിൽ നിന്ന് അനധികൃതമായി ലോൺ നേടുന്നവർ പാർട്ടിക്ക് നൽകേണ്ട കമ്മിഷൻ തുക ഈടാക്കാനാണ് ഈ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതെന്നും വൻതുകയുടെ ഇടപാടുകൾ ഇവയിലൂടെ നടന്നിട്ടുണ്ടെന്നും ഒരു സാക്ഷി ഇ.ഡിക്ക് മൊഴി നൽകിയിരുന്നു.കഴിഞ്ഞതവണ വർഗീസിനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യം ആരാഞ്ഞെങ്കിലും, തനിക്ക് അറിയില്ലെന്നും സംസ്ഥാന നേതൃത്വത്തോടു ചോദിക്കണമെന്നുമാണ് മറുപടി നൽകിയത്. ബാങ്കിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാൻ പാർട്ടി സബ് കമ്മിറ്റികൾ പ്രവർത്തിച്ചിരുന്നെന്നും ആരോപണമുണ്ട്.