പൊലീസ് മികവുകാട്ടി: മുഖ്യമന്ത്രി

Sunday 03 December 2023 12:58 AM IST

പാലക്കാട്: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ കഴിഞ്ഞതിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തിൽ ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. പൊലീസിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി മലയാളികളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പറഞ്ഞത്. പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് ആരാണ് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിച്ചതെന്ന് ഓർക്കണം. കേരള പൊലീസ് ക്രമസമാധാന പാലനത്തിലും അന്വേഷണ മികവിലും രാജ്യത്ത് മുൻനിരയിലുള്ള സേനയാണ്. ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ 110 ദിവസത്തിനുള്ളിൽ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാനായത് ഉദാഹരണമാണ്. കേസന്വേഷണത്തിനിടെ മുൻ വിധിയോടെയുള്ള കുറ്റപ്പെടുത്തലുകൾ പാടില്ല. കൊല്ലത്തെ സംഭവത്തിൽ മാദ്ധ്യമങ്ങൾ സംയമനത്തോടെ റിപ്പോർട്ട് ചെയ്തു. അത് തുടർന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

3 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തു

എല്ലാ ഭൂരഹിതരേയും ഭൂ ഉടമകളാക്കുകയാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി സംസ്ഥാനത്ത് പട്ടയ മിഷന് രൂപം നൽകിയിട്ടുണ്ട്. ഏഴു വർഷം കൊണ്ട് ഏകദേശം മൂന്നു ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തു. ഏറ്റവും കൂടുതൽ വിതരണം ചെയ്തത് പാലക്കാട് ജില്ലയിലാണ്. 17,845 പട്ടയങ്ങൾ.

പട്ടയ ഡാഷ്‌ബോർഡിൽ ഉൾപ്പെട്ട വിഷയങ്ങൾ മൂന്നു മാസം കൂടുമ്പോൾ റവന്യു മന്ത്രി നേരിട്ട് റിവ്യൂ ചെയ്യുന്ന സമ്പ്രദായം ആരംഭിച്ചു. ഭൂരഹിതർക്കായി ഭൂമി കണ്ടെത്തുന്ന പ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. മിച്ചഭൂമി കേസുകൾ തീർപ്പാക്കാനായി ലാന്റ് ബോർഡുകളെ നാലു മേഖലകളായി തിരിച്ച് മേഖലാ ലാന്റ് ബോർഡ് ചെയർമാന്മാരുടെ തസ്തിക സൃഷ്ടിച്ചു. നാലു മാസങ്ങൾക്കുള്ളിൽ 46 കേസുകളിലായി 347.24 ഏക്കർ ഭൂമി ഏറ്റെടുക്കാനായത് ചരിത്ര നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement