നവകേരള സദസിൽ ജനങ്ങളെ അവഹേളിക്കുന്നു: കെ.സി.വേണുഗോപാൽ, യു.ഡി.എഫ് വിചാരണ സദസിന് തുടക്കം

Sunday 03 December 2023 4:04 AM IST
സംസ്ഥാനസർക്കാരിനെതിരായ യു.ഡി.എഫിന്റെ വിചാരണസദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ സംസാരിക്കുന്നു- - ഫോട്ടോ ആഷ്‌ലി ജോസ്

കണ്ണൂർ: നവകേരളസദസിൽ മന്ത്രിമാർ എത്തുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് ജനം പ്രതീക്ഷിച്ചതെന്നും എന്നാൽ പൊതുജനങ്ങളെ രണ്ടാംതരം പൗരന്മാരാക്കി അവഹേളിക്കുകയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. യു.ഡി.എഫ് വിചാരണസദസിന്റെ സംസ്ഥാനതല ഉദ്ഘാടനം ധർമ്മടം നിയോജകമണ്ഡലത്തിലെ മമ്പറത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയും മന്ത്രിമാരും മാന്യന്മാരെ മാത്രമാണ് നേരിൽ കാണുന്നത്. നവകേരളസദസിൽ പരാതികൾ കൂടാൻ കാരണം ഏഴുവർഷത്തെ എൽ.ഡി.എഫ് ഭരണമാണ്. ഉദ്യോഗസ്ഥർക്ക് പരാതി കൊടുക്കാനാണെങ്കിൽ മന്ത്രിമാർ യാത്ര നടത്തേണ്ടതില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് സർക്കാർ ചെലവിൽ നടത്തുന്ന പി.ആർ തട്ടിപ്പും ധൂർത്തുമാണിത്. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പുനർ നിയമനത്തിൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തി. ഗവർണറും ജനാധിപത്യ വിരുദ്ധ സമീപനം സ്വികരിച്ചു. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം താറുമാറായി. അവശ്യ സാധനങ്ങളുടെ വില കുതിക്കുകയാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കോ കുടുംബശ്രീ ഹോട്ടൽ നടത്തിപ്പുക്കാർക്കോ പണം കൊടുക്കാനാകുന്നില്ല. കർഷക ആത്മഹത്യയും വർദ്ധിക്കുന്നു. കർഷകരുടെ ഉത്പാദനത്തിന്റെ വില പോലും കൊടുക്കുന്നില്ല. അനിയന്ത്രിതമായി പണം കടമെടുത്തതിനുള്ള ഭവിഷ്യത്താണ് സംസ്ഥാനം അനുഭവിക്കുന്നത്.

ജനമനസിൽ പ്രതിധ്വനിക്കുന്ന വികാരമാണ് വിചാരണ സദസിലൂടെ യു.ഡി.എഫ് പ്രകടിപ്പിക്കുന്നത്. ഇന്നുമുതൽ സംസ്ഥാനത്തുടനീളം യു.ഡി.എഫിന്റെ നേതൃത്വത്തിൽ വൻ പ്രക്ഷോഭ പരമ്പര ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എൻ.പി.താഹിർ,​ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്,​ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി,​ സണ്ണി ജോസഫ് എം.എൽ.എ,​ സജീവ് ജോസഫ് എം.എൽ.എ,​ സി.എ.അജീർ തുടങ്ങിയവർ പങ്കെടുത്തു.