ഓയിൽ ആൻഡ് ഗ്യാസ്; തൊഴിൽ അവസരങ്ങളേറെ

Sunday 03 December 2023 12:00 AM IST

ഊർജ്ജ രംഗത്ത് ഏറെ സാദ്ധ്യതകളാണ് എണ്ണ, പ്രകൃതി വാതക മേഖലയിലുള്ളത്. ഖനനം, എണ്ണയുത്പാദനം, സംസ്‌കരണം, ഗുണനിലവാരം വിലയിരുത്തൽ, വിപണനം, കയറ്റുമതി, വാണിജ്യം, സുരക്ഷിതത്വം, സേവന മേഖലകളിലാണ് അവസരങ്ങളേറെയുള്ളത്. എണ്ണ കയറ്റുമതി ചെയ്യുന്ന 14 ഓളം ഒപെക് രാജ്യങ്ങളിലും അമേരിക്ക, യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും, യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ കൗൺസിൽ രാജ്യങ്ങളിലും സാദ്ധ്യതയേറെയാണ്.

ബ്രിട്ടീഷ് പെട്രോളിയം, ഷെവറോൺ, ടോട്ടൽ, ഷെൽ തുടങ്ങി നിരവധി മൾട്ടിനാഷണൽ കമ്പനികൾ ഓയിൽ വ്യവസായ മേഖലയിലുണ്ട്. ഓഫ് ഷോറിലും, റിഗ്ഗിലും അവസരങ്ങളുണ്ടെന്നതും മികച്ച വേതനം ലഭിക്കുമെന്നതുമാണ് ഈ മേഖലയുടെ പ്രത്യേകത.

സ്‌കിൽ വികസനത്തിന് സാദ്ധ്യതയേറെ

വരുന്ന 45 ദശാബ്ദക്കാലയളവിൽ ലോകത്തെമ്പാടും എണ്ണ, പ്രകൃതിവാതക തൊഴിൽ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ പ്രതീക്ഷിക്കാം. ക്ലീൻ എനർജിയിലേക്കുള്ള മാറ്റത്തിനനുസരിച്ച് പ്രസ്തുത മേഖലയിലും തൊഴിലവസരങ്ങൾ രൂപപ്പെടും. ഏതു യോഗ്യതയുള്ളവർക്കും ലഭിക്കാവുന്ന തൊഴിലുകൾ ഈ മേഖലയിലുണ്ട്. ടെക്‌നിഷ്യൻ,സൂപ്പർവൈസർ , മാനേജീരിയൽതല തൊഴിലുകളുണ്ട്. കൂടാതെ National Skill Qualification Framework (NSQF) നിലവാരത്തിലുള്ള നിരവധി സ്‌കിൽ വികസന കോഴ്‌സുകളുമുണ്ട്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് ചെയ്യാവുന്ന ആപ്‌സ്‌കില്ലിംഗ്, റിസ്‌കില്ലിംഗ് കോഴ്‌സുകളുണ്ട്.

NSQF നിലവാരം ഇന്ത്യയിൽ മാത്രമല്ല, ജി.സി.സി രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. യു.കെ സെക്ടർ സ്‌കിൽ കൗൺസിൽ, സ്‌കോട്ടിഷ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്, ഓസ്‌ട്രേലിയൻ ക്വാളിഫിക്കേഷൻ ഫ്രെയിംവർക് മുതലായ യോഗ്യത മാനദണ്ഡങ്ങളുണ്ടെങ്കിൽ ഏതു രാജ്യത്തും തൊഴിൽ ചെയ്യാവുന്ന അവസരങ്ങൾ ലഭിക്കും.

10 കഴിഞ്ഞവർക്ക് മുതൽ അവസരം

10, 12 പൂർത്തിയാക്കിയവർക്കും ഐ.ടി.ഐ കോഴ്‌സ് കഴിഞ്ഞവർക്കും സ്‌കിൽ വികസന കോഴ്‌സുകൾ പൂർത്തിയാക്കി ടെക്‌നിഷ്യൻ ലെവൽ തൊഴിലിനു ശ്രമിക്കാം. ഡിപ്ലോമ നേടിയവർക്ക് സൂപ്പർവൈസറി തസ്തികയ്ക്ക് ശ്രമിക്കാം. എൻജിനിയറിംഗ്, എം.ബി.എ ബിരുദം പൂർത്തിയാക്കിയവർക്ക് മാനേജീരിയൽതല ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

എൻജിനിയറിംഗ് ബ്രാഞ്ചുകളിൽ മെക്കാനിക്കൽ, മൈനിംഗ്, പെട്രോളിയം, പ്രൊഡക്ഷൻ, ഡ്രില്ലിംഗ്, റിസർവോർ, പെട്രോഫിസിക്കൽ, കെമിക്കൽ ബിരുദധാരികൾക്ക് നേരിട്ട് എണ്ണ, പ്രകൃതിവാതക ഉത്പാദന മേഖലകളിൽ സാങ്കേതിക രംഗത്ത് പ്രവർത്തിക്കാം.

ഓഫ് ഷോർ തൊഴിലുകളിൽ ഏത് എൻജിനിയറിംഗ് ബിരുദധാരികൾക്കും, മാനേജ്‌മെന്റ്, ഐ.ടി വിദഗ്ദ്ധർക്കും പ്രവർത്തിക്കാം. ഇന്ന് ഐ.ടി, ഐ.ടി അധിഷ്ഠിത സേവന മേഖലയും അക്കൗണ്ടിംഗും ഓയിൽ വ്യവസായമേഖലയിൽ കരുത്താർജ്ജിച്ചു വരുന്നു. മേൽ സൂചിപ്പിച്ച ബ്രാഞ്ചുകളിൽ പോളിടെക്‌നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് സൂപ്പർവൈസറി തലത്തിൽ പ്രവർത്തിക്കാം.

എൻജിനിയറിംഗ് പൂർത്തിയാക്കിയവർക്ക് പൈപ്പിംഗ് എൻജിനിയറിംഗിൽ ഉപരിപഠനം നടത്തി ഓയിൽ മേഖലയിൽ പ്രവർത്തിക്കാം. മെക്കാനിക്കൽ, കെമിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കിയവർക്ക് ഇതിനുള്ള അവരങ്ങൾ ലഭിക്കും. ഡിസൈൻ എൻജിനിയറിംഗ് പൂർത്തിയാക്കിയവർക്കും അവസരങ്ങളുണ്ട്. നിരവധി ഓൺലൈൻ കോഴ്‌സുകളും സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഈ മേഖലയിലുണ്ട്. പി.ജി ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് മാനേജ്‌മെന്റ്, പി.ജി സർട്ടിഫിക്കറ്റ് ഇൻ പെട്രോമാർക്കറ്റിംഗ് എന്നിവ പ്രധാനപ്പെട്ട കോഴ്‌സുകളാണ്. നിരവധി ബി.ബി.എ,, ബി.എസ് സി പ്രോഗ്രാമുകളുമുണ്ട് .

ഓട്ടോമേഷൻ, റോബോട്ടിക്, ഐ.ഒ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി തുടങ്ങിയ അഡ്വാൻസ്ഡ് സാങ്കേതിക വിദ്യകളും ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പ്രാവർത്തികമാക്കി വരുന്നു.

ഈ മേഖലയിൽ തൊഴിൽ ചെയ്യാൻ താല്പര്യമുള്ളവർ ആവശ്യമായ തൊഴിൽ നൈപുണ്യ കോഴ്‌സിന് ചേരണം. മികച്ച ഇന്റേൺഷിപ്/അപ്രന്റിസ്ഷിപ് പ്രോഗ്രാം കണ്ടെത്തണം. യോഗ്യതയോടൊപ്പം ആവശ്യമായ സർട്ടിഫിക്കേഷനുകളും സ്വായത്തമാക്കാൻ ശ്രമിക്കണം.

മികച്ച കോഴ്‌സുകളുമായി 40 സ്ഥാപനങ്ങൾ

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ONGC) നടത്തുന്ന ഡ്രില്ലർ, ഡ്രില്ലിങ് എൻജിനിയർ, ഫ്ലൂയിഡ് എൻജിനിയർ പ്രോഗ്രാമുകൾ, NEBOSH - ഇന്റർനാഷണൽ ടെക്‌നിക്കൽ സർട്ടിഫിക്കറ്റ് ഇൻ ഓയിൽ ആൻഡ് ഗ്യാസ് ഓപ്പറേഷനൽ സേഫ്ടി എന്നിവ മികച്ച കോഴ്‌സുകളാണ്.

രാജ്യത്തെ എൻജിനിയറിംഗ് കോളേജുകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, ഐ.ഐ.ടി, യൂണിവേഴ്‌സിറ്റി ഒഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ്, പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂണിവേഴ്‌സിറ്റി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം ടെക്‌നോളജി എന്നിവിടങ്ങളിൽ മികച്ച എൻജിനിയറിംഗ് കോഴ്‌സുകളുണ്ട്. ജെ.ഇ.ഇ മെയിനിലൂടെ N.I.T അടക്കം 40-ഓളം സ്ഥാപനങ്ങളിൽ പ്രവേശനം നേടാം. ജെ.ഇ.ഇ അഡ്വാൻസ്ഡ് പൂർത്തിയാക്കിയാൽ ഐ.ഐ.ടിയിൽ പ്രവേശനം നേടാം. നിരവധി എം ടെക് പ്രോഗ്രാമുകളുമുണ്ട്.

വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് യു.കെ, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മികച്ച അവസരങ്ങളുണ്ട്. ഇന്ത്യയിൽ നിന്നു ബിരുദം പൂർത്തിയാക്കി വിദേശത്തുനിന്നും ഒരു വർഷ ഗ്രാജുവേറ്റ് / മാസ്‌റ്റേഴ്‌സ് പൂർത്തിയാക്കിയവർക്കും അവസരങ്ങൾ ലഭിക്കും. കാനഡയും ഓസ്‌ട്രേലിയയും യു.കെയും ഈ മേഖലയിൽ ഏറെ മുന്നിലാണ്. IELTS 9 ൽ 7 ബാൻഡോടുകൂടി പൂർത്തിയാക്കേണ്ടതുണ്ട്. പ്രസ്തുത മേഖലയുമായി ബന്ധപ്പെട്ട മാനേജ്മെന്റ് പ്രോഗ്രാമുകളും മികച്ച തൊഴിലവസരങ്ങൾ പ്രദാനം ചെയ്യും.

Advertisement
Advertisement