കേരളവർമ്മയിലെ റീ കൗണ്ടിംഗ് ചെയർമാൻ എസ്.എഫ്.ഐ തന്നെ ; ജയം 3 വോട്ടിന്

Sunday 03 December 2023 4:46 AM IST

തൃശൂർ: ശ്രീ കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഹൈക്കോടതി

നിർദ്ദേശിച്ച റീ കൗണ്ടിംഗിൽ എസ്.എഫ്.ഐയുടെ ചെയർമാൻ സ്ഥാനാർത്ഥി കെ.എസ് അനിരുദ്ധന് മൂന്ന് വോട്ടിന്റെ വിജയം.

ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലിൽ അവസാന നിമിഷത്തിലാണ് ജയം. അനിരുദ്ധന് 892 വോട്ടും കെ.എസ്.യു സ്ഥാനാർത്ഥി എസ്. ശ്രീക്കുട്ടന് 889 വോട്ടും ലഭിച്ചു. നടപടിക്രമങ്ങൾ മുഴുവൻ വീഡിയോയിൽ പകർത്തി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു.

നവംബർ ഒന്നിന് നടന്ന തിരഞ്ഞെടുപ്പിലെ ആദ്യ റീകൗണ്ടിംഗിൽ ക്രമക്കേട് ആരോപിച്ച് കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് കോടതി റീകൗണ്ടിംഗ് നിർദ്ദേശിച്ചത്. എസ്.എഫ്.ഐ സ്ഥാനാർത്ഥിയുടെ വിജയം റദ്ദാക്കിയ കോടതി, അസാധുവോട്ടുകളടക്കം കൂട്ടിച്ചേർത്ത് എണ്ണിയതിൽ അപകാതയുണ്ടെന്നും കണ്ടെത്തിയിരുന്നു.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ 896 വോട്ടായിരുന്നു ശ്രീക്കുട്ടന്. അനിരുദ്ധന് 895 വോട്ടും. ശ്രീക്കുട്ടന് ഒരു വോട്ടിന്റെ ജയം. കെ.എസ്.യുവിന്റെ ആഹ്ലാദപ്രകടനങ്ങൾക്കിടെ എസ്.എഫ്.ഐ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടു. എണ്ണി പകുതിയായതോടെ അട്ടിമറി ശ്രമമാരോപിച്ച് കെ.എസ്.യു പരാതിപ്പെട്ടു. ഇതോടെ വോട്ടെണ്ണൽ നിറുത്തി. വീണ്ടും എണ്ണിയപ്പോൾ 11 വോട്ടിന് അനിരുദ്ധൻ വിജയിച്ചു. അനിരുദ്ധനെ ചെയർമാനായി കോളേജ് പ്രഖ്യാപിച്ചു. പിന്നാലെ എസ്.എഫ്.ഐ പ്രവർത്തകർ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെ.എസ്.യു കോടതിയെ സമീപിക്കുകയായിരുന്നു. ഒമ്പത് ജനറൽ സീറ്റിൽ ഉൾപ്പെടെ 30ൽ 26 സീറ്റും നേടിയാണ് എസ്.എഫ്.ഐയുടെ വിജയം.