സർക്കാർ ആശുപത്രികളിൽ ബയോമെട്രിക് പഞ്ചിംഗ് വരും
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് ആധാർ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ബാധകമാക്കും. സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ, ജനറൽ ആശുപത്രികൾ, ജില്ലാ മെഡിക്കൽ ഓഫീസുകൾ എന്നിവിടങ്ങളിൽ രണ്ടു വർഷത്തിനുള്ളിൽ നടപ്പാക്കും. ആരോഗ്യ വകുപ്പിന്റെ കീഴിലെ ഡയറക്ടറേറ്റ് ഉൾപ്പെടെ 10 സ്ഥാപനങ്ങളിൽ പഞ്ചിംഗ് നിലവിലുണ്ട്. മെഡിക്കൽ കോളേജുകളിൽ നടപ്പാക്കിയിരുന്നെങ്കിലും കോവിഡ് വന്നതോടെ ഉപേക്ഷിച്ചു.
ആരോഗ്യ മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ നടപ്പിലാക്കാൻ 7.85 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇതിൽ പഞ്ചിംഗ് സംവിധാനത്തിനായി 5.16 കോടി രൂപയാണ് അനുവദിച്ചത്.
ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി നിരീക്ഷിക്കുന്നതിനായി സെൻട്രൽ ഡേറ്റ റിപ്പോസിറ്ററി ആപ്ലിക്കേഷൻ സജ്ജമാക്കാനായി 14.50 ലക്ഷം രൂപ അനുവദിച്ചു.
സ്റ്റേറ്റ് ടി.ബി സെന്റർ ഉൾപ്പടെ 20 ഓളം ആരോഗ്യ സ്ഥാപനങ്ങളിൽ ഇ- ഓഫീസ് അന്തിമ ഘട്ടത്തിലാണ്.