മഞ്ഞുരുക്കാൻ ഗവർണറുടെ ക്രിസ്‌മസ് നയതന്ത്രം
തിരുവനന്തപുരം: സർക്കാരുമായി കടുത്തപോര് തുടരുന്നതിനിടയിൽ, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മതപുരോഹിതന്മാരെയും സമുദായ നേതാക്കളെയും പങ്കെടുപ്പിച്ച് രാജ്ഭവനിൽ ക്രിസ്മസ് ആഘോഷം നടത്താൻ ഗവർണർ. 10ന് വൈകിട്ട് ആറരയ്ക്കുള്ള സത്കാരത്തിൽ 300പേർ അതിഥികളാവും. രാജ്ഭവൻ മുറ്റത്ത് പന്തലിട്ടാവും ആഘോഷം. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടുന്നില്ലെന്ന കേസ് പരിഗണിച്ച സുപ്രീംകോടതി, ഗവർണറും മുഖ്യമന്ത്രിയും ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്രിസ്മസ് സത്കാരം നടത്താൻ ഗവർണർ നിർദ്ദേശിച്ചത്.
രാജ്ഭവനിലെ ആഘോഷത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, എം.പിമാർ, എം.എൽ.എമാർ, വിവിധ മതപുരോഹിതന്മാർ, പ്രമുഖ വ്യക്തികൾ എന്നിവരെ ക്ഷണിക്കും. കേന്ദ്രമന്ത്രിമാരും മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുമടക്കം പങ്കെടുത്തേക്കും. മുഖ്യമന്ത്രിയെ ഗവർണർ നേരിട്ട് ക്ഷണിക്കാനിടയുണ്ട്. എന്നാൽ, ഗവർണറുമായി ഇടഞ്ഞുനിൽക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സത്കാരത്തിൽ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന സത്കാരത്തിനുള്ള ചെലവിനായി ഗവർണർ ആവശ്യപ്പെട്ട 20ലക്ഷം രൂപ സർക്കാർ നൽകിയിരുന്നില്ല. രാജ്ഭവന് അനുവദിച്ച ബഡ്ജറ്റ് വിഹിതത്തിൽ നിന്ന് ചെലവ് വഹിക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചത്. അതിനാൽ ക്രിസ്മസ് സത്കാരത്തിനുള്ള ചെലവ് ടൂറിസംവകുപ്പ് വഹിക്കണമെന്ന് ഗവർണർ സർക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്ടും ഗവർണറുടെ ക്രിസ്മസ് വിരുന്നുണ്ടാവും.
മുഖ്യമന്ത്രി പങ്കെടുക്കുമോ?
നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും 10ന് എറണാകുളം, ഇടുക്കി ജില്ലകളിലാണ്. വൈകിട്ട് ആറരയ്ക്ക് തൊടുപുഴയിലാണ് സദസ്. ഇതിനിടയിൽ മുഖ്യമന്ത്രി ഗവർണറുടെ സത്കാരത്തിനെത്തുമോ എന്നതിലാണ് ആകാംക്ഷ.
കഴിഞ്ഞ വർഷം ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും പങ്കെടുത്തില്ല. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിപുലമായ ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചെങ്കിലും ഗവർണറെ ഇതിലേക്ക് ക്ഷണിച്ചില്ല.