കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക് ഇരുട്ടിൽത്തപ്പി പണം നൽകാൻ നമ്മൾ കരാർ പുനഃസ്ഥാപിച്ചാലും വൈദ്യുതി തരാനാവില്ലെന്ന് കമ്പനികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വൈദ്യുതി പ്രതിസന്ധിയും അതുവഴിയുള്ള സാമ്പത്തികഭാരവും. വൈദ്യുതി കരാർ പുനഃസ്ഥാപിച്ചാലും അതേ നിരക്കിൽ വൈദ്യുതി തുടർന്ന് നൽകാൻ താത്പര്യമില്ലെന്നാണ് കമ്പനികളുടെ നിലപാട്. പ്രതിദിനം 465മെഗാവാട്ട് വൈദ്യുതി കിട്ടാനുള്ള സാദ്ധ്യതയാണ് ഇതോടെ ഇരുട്ടിലായത്. മേയ് മുതലുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഇന്നലെവരെ 203 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത വന്നെന്നാണ് കെ.എസ്. ഇ.ബി വൈദ്യുതി റഗുലേറ്ററി കമ്മിഷനെ അറിയിച്ചത്. ഒരുവർഷത്തെ നഷ്ടം 498 കോടി രൂപയാണ്. ഇതിന്റെ ബാദ്ധ്യത അടുത്ത വർഷം നിരക്ക് വർദ്ധനയായി ഉപഭോക്താക്കൾ പേറേണ്ടിവരും.പ്രതിസന്ധി ഒഴിവാക്കാൻ കമ്പനികളുമായി ചർച്ചചെയ്ത് വില കുറയ്ക്കാൻ അപേക്ഷിക്കുകയാണ് കെ.എസ്.ഇ.ബി.ക്ക് മുന്നിലുള്ള ഏക പോംവഴി.
കേരളത്തിനു പുറത്തുള്ള നാലു കമ്പനികളിൽ നിന്ന് കെ.എസ്.ഇ.ബി ദീർഘകാലമായി 465 മെഗാവാട്ട് വൈദ്യുതി വാങ്ങിയിരുന്നു. 2015ൽ യു.ഡി.എഫ് സർക്കാർ ഒപ്പുവച്ച കരാർ ടെൻഡർ നടപടികളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മേയ് മാസം വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അത് റദ്ദാക്കിയത്. ഇതോടെയുണ്ടായ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ 2003 ൽ നടപ്പിലായ കേന്ദ്ര വൈദ്യുതി നിയമത്തിലെ 108ാം ചട്ട പ്രകാരം കരാർ പുനഃസ്ഥാപിക്കാൻ കമ്മിഷന് സർക്കാർ നിർദ്ദേശം നൽകി. ഇതനുസരിച്ച് വെള്ളിയാഴ്ച സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ നടപടികൾക്ക് തുടക്കമിട്ട് തെളിവെടുപ്പ് നടത്തി.സംസ്ഥാന സർക്കാരിനുവേണ്ടി ഊർജ്ജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജോതിലാൽ കമ്മിഷനിലെത്തി കരാർ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ യോഗത്തിലാണ് കരാർ പുനഃസ്ഥാപിച്ചാലും കരാർ നിരക്കിൽ വൈദ്യുതി നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചത്. ഓൺലൈനായാണ് ജിൻഡാൽ പവർ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ്,ജാബുവ പവർ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ റഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പിൽ പങ്കെടുത്തത്. ഇതോടെ ദീർഘകാല കരാർ പുനഃസ്ഥാപിക്കാനുള്ള സാദ്ധ്യതയില്ലാതായി.കേരളവുമായുള്ള കരാർ റദ്ദായതോടെ മറ്റ് വിതരണ ഏജൻസികൾക്ക് വൈദ്യുതി നൽകുകയാണെന്നും കമ്പനികൾ അറിയിച്ചു. ക്രയവിക്രയ രേഖകൾ ഒരാഴ്ചയ്ക്കകം റഗുലേറ്ററി കമ്മിഷന് സമർപ്പിക്കും.
കൈവിട്ടത് 18 വർഷം
25വർഷത്തെ ദീർഘകാല വൈദ്യുതി കരാർ പ്രകാരം യൂണിറ്റിന് ശരാശരി നാലു രൂപ 29 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതിയാണ് ഈ വർഷം മേയ് വരെ കമ്പനികളിൽ നിന്ന് വാങ്ങിക്കൊണ്ടിരുന്നത്. 18 വർഷം കൂടി കരാർ കാലാവധിയുള്ളപ്പോഴാണ് റദ്ദാക്കപ്പെട്ടത്.
അതിനാൽ കൂടുതൽ വിലയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി നിർബന്ധിതമാകും. കരാർ റദ്ദാക്കിയതിനു പിന്നാലെ ഹ്രസ്വകാല കരാറിനും ദീർഘകാല കരാറിനും സ്വാപ് കരാറിനും കെ.എസ്.ഇ.ബി ടെൻഡർ വിളിച്ചിരുന്നു. 4.29 രൂപയ്ക്ക് പകരം എട്ടുരൂപയാണ് കമ്പനികൾ ക്വാട്ട് ചെയ്തത്. ഇതോടെ തുടർനടപടികൾ നിറുത്തിവയ്ക്കുകയായിരുന്നു. പകരം വൈദ്യുതി നൽകാമെന്ന വ്യവസ്ഥയിൽ (സ്വാപ്പിംഗ്) ടെൻഡർ ക്ഷണിച്ചിട്ടും തണുത്ത പ്രതികരണമാണ് ലഭിച്ചത്.