ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായത് എങ്ങനെ ബാധിച്ചു,  വെളിപ്പെടുത്തി അക്‌സര്‍ പട്ടേല്‍

Sunday 03 December 2023 12:05 PM IST

റായ്പൂര്‍: ഇന്ത്യയില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആദ്യം ഇടം ലഭിക്കുകയും പിന്നീട് പുറത്താക്കപ്പെട്ടതിനേയും കുറിച്ച് പ്രതികരിച്ച് അക്‌സര്‍ പട്ടേല്‍. 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അക്‌സര്‍ പട്ടേല്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ശ്രീലങ്കയില്‍ നടന്ന ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റതിന് തുടര്‍ന്ന് അക്സര്‍ പട്ടേലിനെ ലോകകപ്പ് ടീമില്‍ നിന്ന് തഴയുകയും പകരം രവിചന്ദ്രന്‍ അശ്വിനെ ഉള്‍പ്പെടുത്തുകയുമായിരുന്നു.

ഇന്ത്യയില്‍ നടന്ന ലോകകപ്പ് ആയതിനാല്‍തന്നെ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നിയിരുന്നു. എന്നാല്‍ പരിക്ക് കാരണം ടീമില്‍ നിന്ന് പുറത്താക്കി. ലോകകപ്പ് കളിക്കാന്‍ പോകുന്ന സന്തോഷത്തിലായിരിക്കുമ്പോഴാണ് പരിക്ക് വില്ലനായി എത്തിയത്. ടീമില്‍ നിന്ന് പുറത്തായപ്പോള്‍ വലിയ വിഷമം തോന്നി. 15 ദിവസത്തോളം ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെങ്കിലും പിന്നീട് അത് മറികടന്നു- അക്‌സര്‍ പറയുന്നു.

ലോകകപ്പിന് ശേഷം നടക്കുന്ന ഇന്ത്യ - ഓസ്‌ട്രേലിയ ട്വന്റി-20 പരമ്പരയില്‍ കളിക്കുന്ന താരം മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. പന്തുകൊണ്ട് തിളങ്ങിയ അക്സർ റായ്പൂരില്‍ നടന്ന നാലാം മത്സരത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നാല് ഓവര്‍ എറിഞ്ഞ് 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് റായ്പൂരില്‍ സ്വന്തമാക്കിയത്. എന്നാല്‍ ഈ മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ട്വന്റി-20 ടീമില്‍ അക്‌സറിനെ ഉള്‍പ്പെടുത്തിയിട്ടില്ല.