യു.ഡി.എഫ് ശോകം, എൽ.ഡി.എഫ് മൂകം: മധുരം വിളമ്പി ബി.ജെപി
കൊച്ചി: നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലത്തിന്റെ അലയൊലികൾ
ജില്ലയിലും പ്രകടമായി. മൂന്നിടത്തും വിജയം നേടിയ ബി.ജെ.പി വൻ ആഘോഷം ഒരുക്കി. യു.ഡി.എഫ് ക്യാമ്പുകൾ ശോകമൂകമായി. അവകാശവാദങ്ങളില്ലാതെ എൽ.ഡി.എഫ് കേന്ദ്രങ്ങളും വിശകലനങ്ങളിലൊതുങ്ങി.
വോട്ടെണ്ണലിൽ ട്രെൻഡറിഞ്ഞ ഉടനേതന്നെ ബി.ജെ.പി പ്രവർത്തകർ കൊച്ചി നഗരത്തിൽ പ്രകടനം നടത്തി. വഴിയാത്രികർക്കും വ്യാപാരികൾക്കുമെല്ലാം മധുരം നല്കി. ബി.ജെ.പി ജില്ലാ ഓഫീസിൽ നിന്നാരംഭിച്ച പ്രകടനത്തിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ജനറൽ സെകട്ടറി എസ്. സജി, സംസ്ഥാന സമിതി അംഗങ്ങളായ സി.ജി. രാജഗോപാൽ, സുധ ദിലീപ്, പദ്മജ എസ്. മേനോൻ, ജില്ലാ കമ്മിറ്റി അംഗം കെ. വിശ്വനാഥൻ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റസ്, മണ്ഡലം കൺവീനർ ശശികുമാർ മേനോൻ എന്നിവർ നേതൃത്വം നൽകി.
ഭരണത്തിലായിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും കൈവിട്ടത് കോൺഗ്രസിന്
വൻ ക്ഷീണമായി. മദ്ധ്യപ്രദേശിൽ കേവല ഭൂരിപക്ഷം ലഭിക്കുമെന്നു കൂടി കരുതിയിരുന്ന അണികൾ, ഫലം മറിച്ചായപ്പോൾ പതാകകൾ മുക്കി. സീറ്റ് പ്രതീക്ഷിച്ചിരുന്ന രാജസ്ഥാനിലും തെലങ്കാനയിലും ഇക്കുറി അക്കൗണ്ട് തുറക്കാനാകാതെ സി.പി.എമ്മും മൗനത്തിലായി. അതേസമയം ജില്ലയിലെ സി.പി.ഐ അണികൾക്ക് പിടിച്ചുനില്ക്കാൻ ഒരു കച്ചിത്തുരുമ്പ് ലഭിച്ചു. തെലങ്കാനയിൽ കോൺഗ്രസിനൊപ്പം നിന്ന് ഭരണം പിടിക്കുകയും ഒരു സീറ്റിൽ ലീഡ് നേടുകയും ചെയ്തതാണ് സി.പി.ഐയ്ക്ക് ആശ്വാസമായത്.