കളമശേരി സ്ഫോടനം: മരവിച്ച് അന്വേഷണം

Monday 04 December 2023 4:34 AM IST

കൊച്ചി: ഏഴു പേരുടെ ജീവനെടുത്ത കളമശേരി ബോംബ് സ്‌ഫോടനം ഒരുമാസം പിന്നിടുമ്പോൾ പൊലീസ് അന്വേഷണം മരവിച്ചനിലയിൽ. യഹോവ സാക്ഷികളുടെ കൺവെൻഷനിൽ ഐ.ഇ.ഡി സ്ഫോടനക്കേസിൽ ഡൊമിനിക് മാർട്ടിനെ സ്വന്തം മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയാക്കിയതൊഴിച്ചാൽ കൂടുതലൊന്നും നടന്നില്ല. ഈ സാഹചര്യത്തിൽ കുറ്റപത്രം നൽകലും നീണ്ടുപോകും.

കൊച്ചി സിറ്റി മുൻ ഡി.സി.പിയും അന്വേഷണ സംഘത്തലവനുമായിരുന്ന എസ്. ശശിധരൻ സ്ഥലം മാറിപ്പോയതിനാൽ നിലവിലെ ഡി.സി.പി കെ.എസ്. സുദർശനാണ് പകരം ചുമതല. അന്വേഷണത്തലവൻ മാറിയതോടെ കേസ് ഇഴഞ്ഞു. ജയിലിൽ കഴിയുന്ന ഡൊമിനിക്കിനെ കസ്റ്റ‌ഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പ്രത്യേകസംഘത്തിനു കഴിഞ്ഞിട്ടില്ല.

ദീർഘകാലം ഗൾഫിൽ ജോലി ചെയ്തിട്ടുള്ള ഡൊമിനിക്കിന്റെ ബന്ധങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണവും പൂർത്തിയായിട്ടില്ലെന്നാണ് വിവരം.

ഒക്ടോബർ 29ന് രാവിലെ 9.30ന് കളമശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ ഒരുകുടുംബത്തിലെ മൂന്നുപേരുൾപ്പെടെ ഏഴു പേരാണ് മരിച്ചത്. 52 പേർക്ക് പരിക്കേറ്റു. നാലുപേർ ഇപ്പോഴും ചികിത്സയിലുണ്ട്. രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.