പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധൻ എം.കുഞ്ഞാമൻ വിടവാങ്ങി

Monday 04 December 2023 4:16 AM IST

തിരുവനന്തപുരം: പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും ദളിത് വിമോചകചിന്തകനുമായ ഡോ. എം. കുഞ്ഞാമൻ വിടപറഞ്ഞു. 75 വയസ്സായിരുന്നു. കേരള സർവ്വകലാശാല എക്കണോമിക്സ് വിഭാഗത്തിലെ പ്രൊഫസറായിരുന്ന അദ്ദേഹത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ശ്രീകാര്യം വെഞ്ചാവോട് ശ്രീനഗർ, ഹൗസ് നമ്പർ -3 ഹരിശ്രീയിലെ ഡൈനിംഗ് ഹാളിനു സമീപം ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്.ടി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഭാര്യ ഡോ. രോഹിണി കാൻസർ ബാധിതയായി മലപ്പുറത്ത് ചികിത്സയിലായതിനാൽ വീട്ടിൽ തനിച്ചായിരുന്നു കുഞ്ഞാമൻ. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പി.എസ്. ആയിരുന്ന കെ.എം.ഷാജഹാനും കുഞ്ഞാമനും സുഹൃത്തുക്കളായിരുന്നു. ശനിയാഴ്ച ഉച്ചയ്‌ക്ക് കുഞ്ഞാമൻ ഷാജഹാനെ വിളിച്ചിരുന്നു. തിരക്കിലായതുകൊണ്ട് ഞായറാഴ്ച കാണാമെന്ന് പറയുകയും അതനുസരിച്ച് ഇന്നലെ വൈകിട്ട് സുഹൃത്ത് പ്രസാദ് സോമരാജനുമൊപ്പം വീട്ടിലെത്തുകയും ചെയ്തു. വരുന്നവഴി രണ്ടു നമ്പറിലേക്കും ഇരുവരും വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

വീട്ടിലെത്തിയപ്പോൾ പുറത്ത് ലൈറ്റ് ഇട്ടിരുന്നു. മുൻവശത്തെ ഡോർ പൂട്ടിയ നിലയിലായിരുന്നു. ബെഡ് റൂമിലും ലൈറ്റും ഫാനും ഉണ്ടായിരുന്നു. 'ഉമ്മറത്ത് പത്രവും ചെരുപ്പും കിടന്നിരുന്നു. ഏറെ നേരം ഡോറിൽ തട്ടി വിളിച്ചിട്ടും അനക്കമൊന്നും കേൾക്കാത്തതിനാൽ സമീപത്തെ റസിഡന്റസ് അസോസിയേഷൻ ഭാരവാഹികളെ വിളിച്ചു. അവർ ശ്രീകാര്യം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് പറഞ്ഞതനുസരിച്ച് മുൻ വശത്തെ വാതിൽ ബലമായി തുറന്ന് അകത്ത് പ്രവേശിച്ചപ്പാേഴാണ് മരിച്ച നിലയിൽ കാണുന്നത്. പൊലീസെത്തി മുറിയിൽ പരിശോധന നടത്തി. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.'ഞാൻ കുറച്ചു നാളായി ഇതിന് ആലോചിക്കുന്നു. എന്റെ മരണത്തിൽ ആർക്കും പങ്കില്ല " എന്ന് ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യ കുറിപ്പാണ് വീട്ടിൽ നിന്ന് കണ്ടെടുത്തത്. ഡിസംബർ 2 എന്നാണ് കത്തിൽ രേഖപ്പെടുത്തിയിരുന്നത്. 15 വർഷം മുമ്പും ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ശ്രീകാര്യം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വിഷം കഴിച്ച് മരിച്ചതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.

പാലക്കാട് പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശിയിൽ അയ്യപ്പൻ - ചെറോണ ദമ്പതികളുടെ മകനായാണ് ജനനം. രണ്ടു മക്കളാണ്. മൂത്ത മകൾ അനില 20 വർഷം മുമ്പ് മരിച്ചിരുന്നു. ഗൂഗൂളിൽ എൻജിനിയറായ ഇളയ മകൾ അഞ്ജന അമേരിക്കയിലാണ്. ചെന്നൈയിൽ ഐ.ടി.മാനേജർ ദർശൻ നന്ദി മരുമകനാണ് .

ഒന്നാം റാങ്കോടെ എം.എ

പാണ സമുദായത്തിൽ ജനിച്ച ഡോ. എം. കുഞ്ഞാമന്റെ ചെറുപ്പം ദാരിദ്ര്യവും ജാതി വിവേചനത്തിന്റെ തിക്ത അനുഭവങ്ങളും നിറഞ്ഞതായിരുന്നു. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് എം.എ സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം സി.ഡി.എസിൽ നിന്ന് എം.ഫിലും കൊച്ചിൻ സർവകലാശാലയിൽ നിന്ന് പി.എച്ച്ഡിയും നേടി. സാമ്പത്തിക ശാസ്ത്ര മേഖലയിൽ പ്രസിദ്ധമായ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.

Advertisement
Advertisement